ഗാന്ധിവധം; ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ച് കെ ആർ മീര; എതിർപ്പുമായി സുധാ മേനോനും ടി സിദ്ദിഖും

ഫേസ്ബുക്കിലൂടെയാണ് കെ ആർ മീര വിമർശനവുമായി രംഗത്തെത്തിയത്

കൊച്ചി: കൊച്ചി: ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ച കെ ആർ മീരയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധാ മേനോനും കോൺഗ്രസ് നേതാക്കളും. മീററ്റിൽ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാർത്ത പങ്കുവെച്ചുകൊണ്ട് കെ ആർ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പിനായിരുന്നു രൂക്ഷവിമർശനം നേരിട്ടത്.

ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും പോസ്റ്റിൽ കെ ആർ മീര വിമർശിച്ചിരുന്നു 'തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുമഹാസഭ' എന്നായിരുന്നു മീരയുടെ വിമർശനം. ഈ പോസ്റ്റിന് താഴെയാണ് സുധാ മേനോനും നിരവധി കോൺഗ്രസ് നേതാക്കളും അനുകൂലികളും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നും സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ് എന്നുമായിരുന്നു സുധാ മേനോന്റെ പ്രതികരണം. മീരയുടെ പോസ്റ്റിൽ തന്നെയാണ് സുധാ മേനോൻ കമൻ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാൽ കഞ്ഞികുടിക്കാൻ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വർഷങ്ങളിലായി കോൺഗ്രസ് നേതാക്കളിൽ പലരും പറഞ്ഞതിന്റെ റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും കിട്ടുമെന്നുമായിരുന്നു സുധ മേനോന് മീരയുടെ മറുപടി.

Also Read:

National
'വഖഫ് ബിൽ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം'; രാഷ്‌ട്രപതി

ടി സിദ്ദിഖ് എംഎൽഎയും കോൺഗ്രസ് നേതാവ് രാജു പി നായരും പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്. 'ഫിക്ഷൻ എഴുതാൻ മീരയ്ക്ക് നല്ല കഴിവുണ്ട് എന്നും ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. 'പിണറായിസ്റ്റ് ആവാൻ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളിൽ എത്തിക്കുമെന്നും ഗാന്ധിയെ കൊന്ന ആർ എസ് എസിനെ എന്നും ചേർത്ത് നിർത്തിയ പാരമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കാര്യങ്ങൾ മനസ്സിലായിരുന്നു എന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാജു പി നായരുടെ വിമർശനം.

മീററ്റിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയ്ക്ക് ആദരം അർപ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം തീരുമാനമെടുത്തിരുന്നു. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

Content Highlights: KR Meera on congress and hindu mahasabha

To advertise here,contact us