'ഞാൻ ആരുടേയും ആത്മീയ ​ഗുരുവല്ല, വെറുമൊരു ജോത്സ്യൻ മാത്രം'; ദേവേന്ദു കൊലപാതകത്തിൽ ശംഖുമുഖം ദേവീദാസന്‍

'ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ മറുപടി കൊടുത്തിട്ടുണ്ട്'

തിരുവനന്തപുരം: താൻ ആരുടേയും ആത്മീയ ​ഗുരുവല്ലെന്ന് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ചോദ്യം ചെയ്ത ജോത്സ്യൻ ദേവീദാസൻ. 'ഞാൻ ആരുടേയും ആത്മീയ ​ഗുരുവല്ല. അങ്ങനെ നിങ്ങൾ കണക്കാക്കരുത്. ഞാൻ വെറുമൊരു ജോത്സ്യൻ മാത്രം', ചോദ്യം ചെയ്യലിന് ശേഷം ദേവീദാസൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എന്നെ വിളിച്ചു വരുത്തിയത്. തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ മറുപടി കൊടുത്തിട്ടുണ്ടെന്നും ദേവീദാസൻ പറഞ്ഞു. നൂറ് ശതമാനവും തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. തനിക്കെതിരെ നൽകിയത് കളള പരാതിയാണ്, അതിൽ സത്യമില്ല. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ദേവീദാസൻ പറഞ്ഞു.

ശ്രീതുവിന്റെ കുടുംബവുമായി ബന്ധമില്ലെന്നും കൊവിഡിന് മുൻപ് ഹരികുമാർ ജ്യോതിഷാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നും ദേവീദാസൻ വ്യക്തമാക്കി. അവരുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല. അന്ധവിശ്വാസം എന്നൊക്കെ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതല്ലേ എന്നും ദേവീദാസൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ ആത്മീയ​ഗുരുവാണ് ദേവാദാസൻ എന്ന വിവരമുണ്ടായിരുന്നു. മരിച്ച കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ചാണ് ദേവീദാസനെ ചോദ്യം ചെയ്തത്. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍.

Also Read:

Kerala
മുട്ടക്കച്ചവടത്തിൽ നിന്ന് മന്ത്രവാദത്തിലേക്ക്; പൂജാരി,അധ്യാപകൻ, കാഥികൻ: പ്രദീപ് കുമാർ ദേവീദാസനായതെങ്ങനെ?

മുൻപ് പ്രദീപൻ എന്ന പേരിൽ ശംഖമുഖത്ത് മുട്ട കച്ചവടം നടത്തിയിരുന്ന ആളായിരുന്നു ദേവീദാസൻ. പിന്നീട് കരിക്കകത്തെത്തി മന്ത്രവാദത്തിലേക്കും ജ്യോതിഷത്തിലേക്കും പൂജയിലേക്കും തിരിയുകയായിരുന്നു. തുടർന്നാണ് ദേവീദാസൻ എന്ന പേര് ലഭിക്കുന്നത്. കരിക്കകത്ത് ഭാര്യയുടെ വീട്ടിലാണ് ദേവീദാസൻ താമസിച്ചിരുന്നത്. ക്ഷേത്ര സമാനമായ സ്ഥലം ഇവിടെ ഒരുക്കി വീട്ടിൽ വെച്ചു തന്നെയാണ് ഇയാൾ പൂജ നടത്തിയിരുന്നത്. മിക്കപ്പോഴും ഇവിടെ പൂജകൾ നടക്കാറുണ്ടായിരുന്നതായി നാട്ടുകാരും പ്രതികരിച്ചു.‌

വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തതായി കുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം. ദേവേന്ദു കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്റെ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു പൊലീസില്‍ പരാതി നല്‍കി. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹരികുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ മാറ്റി. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.

Content Highlights: Balaramapuram Child Murder Case Priest Devidasan Said He not a Spiritual Master of Anyone

To advertise here,contact us