ഡിസോൺ സംഘർഷം; കെഎസ്‌യു നേതാക്കൾക്ക് സസ്‌പെൻഷൻ

കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി

തൃശൂർ: ഡിസോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു നേതാക്കൾക്ക് സസ്‌പെൻഷൻ. കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരളവർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ കൂടിയ കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചു. കേരളവർമ കോളേജിലെ ബി എ സംസ്‌കൃതം വിദ്യാർത്ഥികളാണ് ഇരുവരും. വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ നിലവിൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. പിന്നാലെയാണ് കോളേജിൽ നിന്നുള്ള സസ്പെൻഷൻ.

Also Read:

National
'ലിവ്-ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട പരാതികളാൽ കോടതി മുങ്ങുന്നു'; രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

സംഘർഷത്തിന് ശേഷം സഹപ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണെന്നും, നോവിക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കിയാണ് ശീലമെന്നും ഗോകുൽ ഗുരുവായൂർ പറഞ്ഞിരുന്നു. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു.

Content Highlights: KSU leaders suspended from college at Dzone fight

To advertise here,contact us