ദേവേന്ദുവിന്റെ മരണം; 30 ലക്ഷം രൂപ കാണാനില്ലെന്നാരോപിച്ച് അമ്മയുടെ പരാതി, വ്യക്തത ഇല്ലാതെ പൊലീസ് തിരിച്ചയച്ചു

ദേവേന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യവും പുറത്തേക്ക് വരുന്നത്

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസ്സുകാരിയുടെ അമ്മ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയതായി വിവരം. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് അമ്മ ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

ദേവേന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യവും പുറത്തേക്ക് വരുന്നത്. അടിക്കടി വഴിക്കായിരുന്ന ശ്രീതുവും ശ്രീജിത്തും അകന്നുകഴിയുകയായിരുന്നു. ശ്രീജിത്ത് വല്ലപ്പോഴുമാണ് ഈ വീട്ടിലേക്ക് വന്നിരുന്നത്.

വീട്ടില്‍ ഇന്ന് മരണാനന്തര ചടങ്ങ് നടക്കുന്നതിനാല്‍ ശ്രീജിത് ഇന്നലെ രാത്രി വീട്ടില്‍ ഉണ്ടായിരുന്നു. ശ്രീതുവും ശ്രീജിത്തും മക്കളും ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നു. മറ്റു രണ്ടുമുറികളിലായി അമ്മുമ്മയും അമ്മാവനും ഉണ്ടായിരുന്നു. ഇവരെ നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം.

Also Read:

Kerala
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ മരണം; കൂട്ട ആത്മഹത്യാ നീക്കത്തിൻ്റെ സാധ്യത തള്ളി പൊലീസ്

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.

Content Highlights: Devendhu Death Mother's complaint alleging that Rs 30 lakh is missing

To advertise here,contact us