ചെന്താമര സ്വയം കരുതിയിരുന്നത് കടുവയെപ്പോലെ; കൊലയില്‍ കലാശിച്ചത് വൈരാഗ്യം, കുറ്റകൃത്യം പുനരാവിഷ്‌കരിക്കും

കൊലപാതകം നടത്തിയ ശേഷം വിഷം കഴിച്ചുവെന്ന ചെന്താമരയുടെ മൊഴി തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് പറഞ്ഞു

പാലക്കാട്: കുറേ കാലമായുള്ള വൈരാഗ്യമാണ് നെന്മാറ ഇരട്ടക്കൊലപാതകം ചെയ്യാന്‍ ചെന്താമരയെ പ്രേരിപ്പിച്ചതെന്ന് പാലക്കാട് എസ് പി അജിത് കുമാര്‍. കൊല ചെയ്തതില്‍ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ല. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം പുനരാവിഷ്‌കരിക്കുമെന്നും പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു. രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിക്കും.

ഇന്നലെ രാത്രി വീടിന് അടുത്തുള്ള വയലില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പല ഇടങ്ങളില്‍ നിന്നായി പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു. മൊഴികള്‍ വിശദമായി പരിശോധിക്കും. രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതി വീടിന്റെ പിറക് വശം വഴിയാണ് രക്ഷപ്പെട്ടത്.

ഭക്ഷണം കിട്ടാതായതോടെ ചെന്താമര മലയിറങ്ങി. കുറേ കാലമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കാരണം. 2019 ലെ കൊലപാതകത്തിന് ശേഷവും വൈരാഗ്യം ഉണ്ടായിരുന്നു. ചെന്താമരയുടെ ഭാര്യ അദ്ദേഹത്തെ വിട്ടുപോകാന്‍ കാരണം സുധാകരന്റെ കുടുംബമാണെന്ന് വിശ്വസിച്ചു. മന്ത്രവാദിയെ കണ്ടിട്ടില്ലെന്ന് ചെന്താമര പറഞ്ഞെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പാലക്കാട് എസ് പി വ്യക്തമാക്കി.

Also Read:

National
മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

കൊലപാതകം നടത്തിയ ശേഷം വിഷം കഴിച്ചുവെന്ന ചെന്താമരയുടെ മൊഴി തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ അക്കാര്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസമായി ചെന്താമര വീട്ടില്‍ വരുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കോഴിക്കോട്ടെ ഒരു ക്വാറിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. സ്വയം ഒരു കടുവയെ പൊലെയാണ് ചെന്താമര അദ്ദേഹത്തെ കണ്ടത്. എല്ലാ കാര്യത്തിലും നല്ല പദ്ധതികള്‍ ഉണ്ടായിരുന്നു. എല്ലാം ആസൂത്രിതമാണെന്നും പാലക്കാട് എസ് പി പറഞ്ഞു.

രണ്ടോ മൂന്നോ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതി സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ല. ഏറെക്കാലം ലോറി ഡ്രൈവറായിരുന്നു. ആറാം ക്ലാസ് വരെ പഠിച്ചെന്നാണ് മനസ്സിലാക്കുന്നതെന്ന് പറഞ്ഞ് പൊലീസ് തിരച്ചില്‍ നടത്താന്‍ സഹായിച്ച നാട്ടുകാര്‍ക്കും നന്ദി പറഞ്ഞു.

Content Highlights: enmity prompted Chentamara to commit the Nenmara case said palakkad police

To advertise here,contact us