ജെഡിഎസിലും മന്ത്രിമാറ്റ ചർച്ച; 'വീറ്റോ പ്രയോഗം', പിന്നാലെ മന്ത്രിയാകാനില്ലെന്ന് മാത്യു ടി തോമസ്

യുഎൻ കൗൺസിലൊന്നുമല്ലല്ലോ വീറ്റോ അധികാരം പ്രയോ​ഗിക്കാനെന്ന മുതിർ‌ന്ന നേതാവിൻ്റെ നിലപാടിൽ പരാമർശം പിൻവലിച്ച് മാത്യു ടി തോമസ്

തിരുവനന്തപുരം: ജനതാദൾ എസിലും മന്ത്രിമാറ്റ ചർച്ചകൾ ഉയ‍ർത്തി ജില്ലാ കമ്മിറ്റികൾ. മന്ത്രി കെ കൃഷ്ണൻകുട്ടി മാറണമെന്ന് ഒൻപത് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രിമാറ്റ ചർച്ചകൾ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് എംഎൽഎ കർശന നിലപാട് സ്വീകരിച്ചു. പ്രസിഡൻ്റിൻ്റെ വീറ്റോ അധികാരം ഉപയോ​ഗിക്കുകയാണെന്നായിരുന്നു നേതൃ

യോ​ഗത്തിൽ മാത്യു ടി തോമസിൻ്റെ നിലപാട്. 'യുഎൻ കൗൺസിലൊന്നുമല്ലല്ലോ വീറ്റോ അധികാരം പ്രയോ​ഗിക്കാ'നെന്നായിരുന്നു മുതിർ‌ന്ന നേതാവിൻ്റെ നിലപാട്. ഇതോടെ പരാമർശം പിൻവലിക്കുകയാണെന്നും ചർച്ച ആകാമെന്നുമുള്ള നിലപാടിലേയ്ക്ക് സംസ്ഥാന പ്രസിഡൻ്റ് എത്തുകയായിരുന്നു.

പിന്നീട് കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന ചർച്ച പുരോ​ഗമിക്കവെ മന്ത്രി ആകാനില്ലെന്ന നിലപാട് മാത്യു ടി തോമസ് സ്വീകരിക്കുകയായിരുന്നു. മന്ത്രിയാകാനില്ലെന്നും കൃഷ്ണൻകുട്ടി തന്നെ മന്ത്രിയായി തുടരട്ടെയെന്ന നിലപാടാണ് യോ​ഗത്തിൽ മാത്യു ടി തോമസ് സ്വീകരിച്ചത്. മന്ത്രിയെ മാറ്റണമെങ്കിൽ യോ​ഗത്തിന് തീരുമാനിക്കാം, പക്ഷെ പകരം മന്ത്രിയാകാൻ താനില്ല. അത്തരമൊരു സാഹചര്യത്തിൽ ജെഡിഎസിന് മന്ത്രിയില്ലാതെ വന്നാൽ ആ‍ർജെഡിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം കിട്ടിയേക്കുമെന്നും യോ​ഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയും മാത്യു ടി തോമസ് ചൂണ്ടിക്കാണിച്ചു. ഈയൊരു ചർച്ച ഇപ്പോൾ ഉയർത്തുന്നത് ​ഗുണകരമല്ലെന്ന സമീപനം മാത്യു ടി തോമസ് സ്വീകരിച്ചതോടെ മന്ത്രിമാറ്റ ചർച്ചകൾ അവസാനിക്കുകയായിരുന്നു. നിലവിൽ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയുമാണ് ജനതാദൾ എസിൻ്റെ എംഎൽഎമാർ.

Also Read:

National
ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം, ഒരു വർഷത്തിനുള്ളില്‍ വിവാഹമോചനം നല്‍കില്ല: അലഹബാദ് ഹൈക്കോടതി

ബ്രൂവറി വിഷയത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിലപാടിനെതിരെയും ഒരു വിഭാ​ഗം രം​ഗത്തെത്തി. 'കൊക്കോകോളയെ തുരത്താൻ മുന്നിൽ നിന്ന പാർട്ടിയാണ് നമ്മുടേത്' എന്ന് ചൂണ്ടിക്കാണിച്ചാണ് യോ​ഗത്തിൽ കൃഷ്ണൻകുട്ടിക്കെതിരെ വിമർശനം ഉയർന്നത്. പ്ലാച്ചിമടയിലെ സാഹചര്യമല്ല എലപ്പുള്ളിയിലേതെന്നായിരുന്നു യോ​ഗത്തിൽ മന്ത്രിയുടെ നിലപാട്. ഭൂഗർഭജലം കമ്പനി എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. എഥനോൾ ഉപയോ​ഗിച്ച് ഉണ്ടാക്കുന്നത് ആൽക്കഹോളിക് ഡ്രിങ്കല്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. കെമിസ്ട്രി പഠിച്ചതാണെന്നും മന്ത്രി അറിവില്ലായ്മകൊണ്ട് പറഞ്ഞതാവാം എന്നും യോ​ഗത്തിൽ അഭിപ്രായം ഉയർന്നു. ബ്രൂവറിക്ക് എതിരെ നിൽക്കേണ്ടതില്ലെന്നായിരുന്നു പാലക്കാട് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.

Content Highlights: Discussion about the removal of the minister in JDS

To advertise here,contact us