സുബൈദ കൊലക്കേസ്; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ അപേക്ഷ നൽകാനായിരുന്നു നീക്കം എങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

സുബൈദയെ ആഷിക് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കൊടുവാൾ വാങ്ങി പോകുന്നതും കൃത്യ നിർവ്വഹണത്തിന് ശേഷം കത്തി കഴുകുന്നതും ദൃശ്യത്തിൽ ഉണ്ടെന്നാണ് സൂചന. പ്രതിയുടെ രക്തസാമ്പിളുകൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Also Read:

National
പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുത്; ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ താക്കീതും ഒരു ലക്ഷം രൂപ പിഴയും

ഇക്കഴിഞ്ഞ ജനുവരി 18-നാണ് മകൻ ആഷിഖ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്. ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ആഷിഖ് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതും പ്രകോപനമായി. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്.

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.

Content Highlights: Police will file a custodial application today for Ashique, Who killed his Mother

To advertise here,contact us