ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ ആ വകുപ്പിലെ ട്വിസ്റ്റ്; കേസ് അന്വേഷിക്കാന്‍ കേരള പൊലീസ് നടത്തിയ നീക്കം

കൊലപാതകം മാത്രം ഉൾപ്പെടുന്ന വകുപ്പായിരുന്നു ചേർത്തിരുന്നതെങ്കിൽ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിന് ലഭിക്കുമായിരുന്നു

തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ചര്‍ച്ചയായി കേസിൽ ചുമത്തിയ വകുപ്പുകൾ. ശിക്ഷാ വിധിയില്‍ തട്ടിക്കൊണ്ടു പോകല്‍ കുറ്റത്തിനും കോടതി ശിക്ഷ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് പൊലീസിന് കൈമാറേണ്ടി വരുമായിരുന്ന അന്വേഷണം കേരള പൊലീസിന്റെ അന്വേഷണപരിധിയില്‍ തന്നെ വന്നത് 'തട്ടിക്കൊണ്ടുപോകല്‍' എന്ന കുറ്റത്തിനും കേസെടുത്തതിനാലാണ്.

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടിലാണ് കുറ്റകൃത്യത്തിന്റെ പ്രധാന ഭാഗം നടന്നത്. അതിനാല്‍ തമിഴ്‌നാട് പൊലീസാണ് അന്വേഷിക്കേണ്ടിയിരുന്നത്. എന്നാല്‍ അന്വേഷണം തമിഴ്‌നാട് പൊലീസിന് കിട്ടിയാല്‍ കേസിന്റെ പ്രാധാന്യം കുറയുമോയെന്ന് കേരളപൊലീസ് ചിന്തിച്ചു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യാഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്താന്‍ തീരുമാനമായത്. ഇതോടെ കേസ് കേരളത്തില്‍ അന്വേഷിക്കാമെന്ന നിലപാട് കോടതിയും അംഗീകരിച്ചു.

ഗ്രീഷ്മ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതുപ്രകാരമാണ് പാറശ്ശാലയിലെ വീട്ടില്‍ നിന്നും കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടില്‍ എത്തിയത്. വീട്ടില്‍ അമ്മാവനും അമ്മയും ഇല്ലെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വിളിച്ചുവരുത്തിയത്. ഗ്രീഷ്മയുടെ ഈ ഫോണ്‍കോളാണ് തട്ടിക്കൊണ്ടുപോകല്‍ ആയി കേസെടുക്കാന്‍ കാരണമായത്. കുറ്റകൃത്യത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്ന് സ്ഥാപിക്കാനും അന്വേഷണത്തിലേക്ക് കടക്കാനും ഇതോടെ കേരളാപൊലീസിനായി.

തട്ടിക്കൊണ്ടുപോകല്‍ കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് തെളിയിക്കുവാനും അന്വേഷണ സംഘത്തിനായി. ഗ്രീഷ്മയുടെ ഫോണ്‍വിളിക്ക് മുന്‍പ് തന്നെ കഷായത്തില്‍ കലര്‍ത്താനുള്ള വിഷം ഗ്രീഷ്മയുടെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും കൊലപ്പെടുത്താന്‍ നേരത്തേ തീരുമാനിച്ചുവെന്നും തെളിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ വകുപ്പില്ലാതെ കൊലപാതകം മാത്രമായിരുന്നുവെങ്കില്‍ അന്വേഷണച്ചുമതല തമിഴ്‌നാട് പൊലീസിന് ലഭിക്കുമായിരുന്നു.

Content Highlight: how kerala police investigate sharon raj murder case

To advertise here,contact us