അട്ടക്കുളങ്ങര ജയിലിൽ പുതുവർഷത്തെ ആദ്യ തടവുകാരി ​ഗ്രീഷ്മ

ജയിലിൽ 1/ 2025 ആണ് ​ഗ്രീഷ്മയുടെ നമ്പർ

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽ പുതുവർഷത്തെ ആദ്യ തടവുകാരിയായി ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മ. ജയിലിൽ 1/ 2025 ആണ് ​ഗ്രീഷ്മയുടെ നമ്പർ. രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 11-ാം നമ്പർ സെല്ലിലാണ് ​ഗ്രീഷ്മ കഴിയുന്നത്. വധശിക്ഷ ശരിവെക്കാത്തതിനാല്‍ മറ്റ് തടവുകാര്‍ക്കൊപ്പം പാർപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് ​ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകിക്കൊണ്ടുളള വിധി വന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Also Read:

Kerala
ഷാരോൺ വധക്കേസ്; 'കേസ് അപൂർവങ്ങളിൽ അപൂർവമല്ല', വധശിക്ഷയ്‌ക്കെതിരെ ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും

വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ശിക്ഷാവിധി കേള്‍ക്കാൻ കോടതിയിലെത്തിയ ഷാരോണിന്‍റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജിയാണ് കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നായിരുന്നു പ്രോസിക്യുഷൻ്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകിയേക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലായിതെന്നും പ്രായത്തിൻ്റെ ആനുകൂല്യം ഗ്രീഷ്മക്ക് നൽകണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചിരുന്നു.

നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്.

Content Highlights: Greeshma is the First Prisoner of the New Year in Attakkulangara Jail

To advertise here,contact us