ആന്തരികാവയവങ്ങളെ തകർത്ത് പതിയെ മരണം, ഷാരോണിനെ കൊല്ലാൻ ​ഗ്രീഷ്മ ഉപയോ​ഗിച്ചത് തുരിശ്; തെളിയിക്കൽ വെല്ലുവിളിയായി

വിഷം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ​ഗ്രീഷ്മയ്ക്കെതിരെയുളള കുറ്റം

തിരുവനന്തപുരം; പാറശ്ശാലയിലെ ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ​ഗ്രീഷ്മ ഉപയോ​ഗിച്ചത് കാർഷിക മേഖലയിൽ ഉപയോ​ഗിക്കുന്ന കീടനാശിനിയായ കോപ്പർ സൾഫേറ്റ് എന്ന തുരിശ്. ഇത് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. വി എസ് വിനീത് കുമാർ പറഞ്ഞു. വിഷം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ​ഗ്രീഷ്മയ്‌ക്കെതിരെയുള്ള കുറ്റം. ​ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ തെളിവുകളുടെ അഭാവമുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കവുങ്ങ്, തെങ്ങ്, റബ്ബർ തുടങ്ങിയവയ്ക്ക് കുമിൾനാശിനിയായി ഉപയോ​ഗിക്കുന്നതാണ് കോപ്പർ സൾഫേറ്റ്. പേപ്പർ പ്രിന്റിം​ഗ്, മൺപാത്രങ്ങൾക്ക് കളർ നൽകൽ, കെട്ടിട നിർമ്മാണം എന്നിവയ്ക്ക് തുരിശ് ഉപയോ​ഗിക്കുന്നുണ്ട്. ഒരു ​ഗ്രാം കോപ്പർ സൾഫേറ്റ് മനുഷ്യ ശരീരത്തിലെത്തിയാൽ ആദ്യം ബാധിക്കുക കരളിനെയാണ്. 30 ​ഗ്രാം വരെ അകത്തുചെന്നാൽ മരണം സംഭവിക്കും. ഒരു മാസത്തെ ചികിത്സയ്ക്കൊടുവിൽ ആന്തരികാവയവങ്ങൾ തകരാറിലായായിരുന്നു ഷാരോണിന്റെ മരണം. മകൻ നീലക്കളറിൽ ഛർദിച്ചുവെന്നും നടക്കാൻ കഴിയാത്ത ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു.

Also Read:

Kerala
ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന വിധി വന്നിരിക്കുന്നത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് സൈനികൻ്റെ വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു.

കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്.

ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.

Also Read:

Kerala
'ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി, എന്തിന് വെറുതെ വിട്ടു'; വിധികേട്ട് വിതുമ്പി ഷാരോണിന്റെ മാതാപിതാക്കള്‍

2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്.

Content Highlights: Parassala Sharon Death Greeshma Mixed Coper Sulfate in Juice Says by Public Procecuter

To advertise here,contact us