'എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ട, കൃത്യമായ മറുപടി വേണം'; വീണ്ടും കടുപ്പിച്ച് കോടതി

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്തുകൊണ്ടാണെന്നതില്‍ കൃത്യമായ മറുപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവില്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ല. ഒരു തരത്തിലുള്ള ന്യായീകരണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

ജയിലിന് പുറത്തിറങ്ങിയ ശേഷം ബോബി എന്താണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും കോടതി ചോദിച്ചു. കേസ് ഹൈക്കോടതി 1.45 ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വീണ്ടും ബേബിക്കെതിരെ കോടതി വടിയെടുത്തത്. എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ടതില്ലെന്നും കോടതി വിമർശിച്ചു.

Also Read:

Kerala
ഇനി ഞാന്‍ സൂക്ഷിച്ചേ സംസാരിക്കൂ; ബോബി ചെമ്മണ്ണൂര്‍

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.

Content Highlights: High court criticize boby chemmanur again in bail

To advertise here,contact us