'പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ്'; ജയിലിന് പുറത്ത് പടക്കവുമായി 'ബോ ചെ' ഫാന്‍സ്, ഹണി റോസിനെതിരെയും അധിക്ഷേപം

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടിയെ അധിക്ഷേപിച്ചും ആരാധകര്‍ പ്രതികരിച്ചു

കൊച്ചി: കാക്കനാട് ജില്ലാ ജയിലിന് പുറത്ത് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഫാന്‍സും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം. ജയിലിന് പുറത്ത് പടക്കം പൊട്ടിക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ ആരാധകരുടെ ശ്രമം പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പടക്കം പൊട്ടിച്ചിട്ടേ മടങ്ങൂ, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ് തങ്ങള്‍ എന്നുമുള്ള നിലപാടിലായിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ അടങ്ങുന്ന ആരാധകര്‍. ജയിലിന് പുറത്ത് സ്‌ഫോടക വസ്തു പൊട്ടിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ പൊലീസും ഉറച്ച് നില്‍ക്കുകയാണ്.

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനെ അധിക്ഷേപിച്ചും ആരാധകര്‍ പ്രതികരിച്ചു. ബോബി ചെമ്മണ്ണൂര്‍ തെറ്റ് ചെയ്തിട്ടില്ല. അതിലും വലിയ തെറ്റ് ചെയതവര്‍ പുറത്ത് ഞെളിഞ്ഞു നടക്കുകയാണ്. പുരുഷന്മാരുടെ നീതിക്കായുള്ള സംഘടനയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പുരുഷന്മാര്‍ക്ക് നീതി കിട്ടണം. ഹണി റോസ് ബോബി ചെമ്മണ്ണൂരിനെ 'ഹണി ട്രാപ്പില്‍'പ്പെടുത്തിയതാണെന്ന് ഓള്‍കേരള മെന്‍സ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചു.

അതേസമയം കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാവാത്ത ബോബി ചെമ്മണ്ണൂരിനെ കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്ന ഹൈക്കോടതി മുന്നറിപ്പ് നല്‍കി. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുത്. കഥ മെനയരുത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിയെന്നും കോടതി ചോദിച്ചിരുന്നു.

Also Read:

Kerala
നാടകം കളിക്കരുത്, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതിയുടെ കടുത്ത വിമര്‍ശനം

പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.

Content Highlights: Boby chemmannur Fans protest infront of Kakkanad jail

To advertise here,contact us