ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു.

Also Read:

Kerala
ഹണി റോസിനെതിരായ മോശം പരാമർശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയുള്ളൂ. വിഷയം സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ ഹണി റോസ് വ്യക്തമാക്കിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനാണ് രാഹുല്‍ ഈശ്വര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ പൊതുബോധം തന്റെ നേരെ തിരിയണം എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്. രാഹുല്‍ ഈശ്വര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹണി പറഞ്ഞിരുന്നു.

Content Highlights- rahul easwar submit bail application to high court of kerala on honey rose complaint

To advertise here,contact us