'മാറി നിന്നത് മാനസിക സമ്മർദത്തെ തുടർന്ന്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് കുറ്റവാളിയെ പോലെയെന്ന് രജിത് കുമാർ

മാമി കേസില്‍ തനിക്ക് പങ്കില്ലെന്നും രജിത് കുമാർ

കോഴിക്കോട്: മാമി തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഒളിവില്‍ പോയ ഡ്രൈവര്‍ രജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറിനിന്നതെന്ന് രജിത് കുമാര്‍ നടക്കാവ് പൊലീസിന് മൊഴി നല്‍കി. മാമി കേസില്‍ തനിക്ക് പങ്കില്ല. കുറ്റവാളിയെ ചോദ്യം ചെയ്യുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് തന്നോട് പെരുമാറിയതെന്നും രജിത് കുമാര്‍ വ്യക്തമാക്കി. ഗുരുവായൂരില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും രാത്രിയോടെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

Also Read:

Kerala
മാമി തിരോധാനം; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി

രജിത് കുമാറിനേയും ഭാര്യയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുരുവായൂരില്‍ നിന്ന് ഇരുവരേയും കണ്ടെത്തുകയായിരുന്നു. ഗുരുവായൂരില്‍ ഇരുവരും മുറിയെടുത്തിരുന്നു.മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്ന് വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാമി തിരോധാനത്തില്‍ പൊലീസിന് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എംഎല്‍എ നേരത്തേ രംഗത്തെത്തിയിരുന്നു.

Content Highlights- police noted statement of rajit kumar on missing case

To advertise here,contact us