'തൃണമൂൽ അംഗത്വം സ്വീകരിച്ചിട്ടില്ല; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും'; അൻവർ റിപ്പോർട്ടറിനോട്

സ്വകാര്യ ഓപ്പറേഷനിലൂടെയാണ് തൃണമൂലിന്റെ ഭാഗമായതെന്നും പി വി അന്‍വര്‍ പറഞ്ഞു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട്. പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുന്നതിന് നിയമപരമായ ചില തടസങ്ങളുണ്ട്. നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Also Read:

Kerala
പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അംഗത്വം നൽകി അഭിഷേക് ബാനർജി

സ്വകാര്യ ഓപ്പറേഷനിലൂടെയാണ് തൃണമൂലിന്റെ ഭാഗമായതെന്നും പി വി അന്‍വര്‍ പറഞ്ഞു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനക്ഷേമത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. പാണക്കാട് തങ്ങള്‍ അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതോടെ അന്‍വര്‍ യുഡിഎഫിലേക്കെന്ന കാര്യം ഉറപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ളവര്‍ അന്‍വറിനെ തള്ളിപ്പറയാനും തയ്യാറായില്ല. എന്നാല്‍ അന്‍വറിനെ സംബന്ധിച്ചിടത്തോളം യുഡിഎഫ് പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. യുഡിഎഫ് പ്രവേശനം വഴി മുട്ടിയതോടെയാണ് അന്‍വര്‍ തൃണമൂലിലേക്കുള്ള വഴി തേടിയത്. അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കാര്യം അഭിഷേക് ബാനര്‍ജി എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights- p v anvar mla reaction on trinamool congress entry

To advertise here,contact us