പി ജയചന്ദ്രന്റെ കാലാതീതമായ ശബ്ദവും ഈണങ്ങളും ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ചവയാണ്: പ്രിയങ്ക ഗാന്ധി

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി.

മലയാളിയുടെ പ്രിയഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. 'ഇതിഹാസ ഗായകൻ പി ജയചന്ദ്രന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കാലാതീതമായ ശബ്ദവും ഈണങ്ങളും ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം' പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.

അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് വൈകുന്നേരമാണ് പി ജയചന്ദ്രൻ അന്തരിച്ചത്. 81 വയസായിരുന്നു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.

അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. 1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.

content highlight- Priyanka Gandhi condoles P Jayachandran

To advertise here,contact us