പൊലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷം: ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിൽ ഹണി റോസ്

സമാധനമാണ് ഈ നിമിഷം തോന്നുന്നതെന്ന് ഹണി റോസ് റിപ്പോര്‍ട്ടറിനോട്

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പൊലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അത് സാധിച്ചു. താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു. കൃത്യമായി വേണ്ട നടപടി സ്വീകരിക്കുമെന്ന് വാക്ക് തന്നിരുന്നു. പൊലീസുകാരില്‍ നിന്നും മികച്ച പിന്തുണ കിട്ടി. സമാധനമാണ് ഈ നിമിഷം തോന്നുന്നതെന്നാണ് ഹണി റോസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

'വലിയ പിന്തുണയാണ് എനിക്ക് സമൂഹത്തില്‍ നിന്നും കിട്ടുന്നത്. പരാതിക്കൊടുക്കാന്‍ വൈകിപ്പോയെന്നാണ് എല്ലാവരും പറയുന്നത്',

(ഹണി റോസ്)

പരാതി നല്‍കിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ ഖേദപ്രകടനവും ഹണി തള്ളി. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് തനിക്കോ കുടുംബത്തിനോ ഉണ്ടായ ബുദ്ധിമുട്ട് മാറില്ലെന്ന് ഹണി പറഞ്ഞു.

'ബോബി ചെമ്മണ്ണൂരിന് മാപ്പ് പറയാമെങ്കില്‍ അന്ന് തന്നെ ചെയ്യാമായിരുന്നു. ചെയ്തില്ല. രണ്ടാമതും ആവര്‍ത്തിച്ചു. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് എനിക്കോ കുടുംബത്തിനോ ഉണ്ടായ ബുദ്ധിമുട്ട് മാറില്ല. അദ്ദേഹത്തിന്റെ മനോനിലയുള്ള കുറേ ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ട്. അവരും ഇതിനെല്ലാം ഉത്തരവാദികളാണ്. എന്റെ ധൈര്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്. അതിന്റെ സന്തോഷം കൂടിയുണ്ട്', നടി പ്രതികരിച്ചു.

വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ശ്രമം. ഉടനെ കൊച്ചിയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയില്‍ എടുത്ത വിവരം വയനാട് എസ് പി സ്ഥിരീകരിച്ചു.

Also Read:

Kerala
ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

Content Highlights: Honey Rose reaction Over Boby Chemmannur Custody

To advertise here,contact us