ഡിഎംകെ നേതാവ് ഇ എ സുകു അറസ്റ്റില്‍

അന്‍വര്‍ കഴിഞ്ഞാല്‍ ഡിഎംകെയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് സുകു

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മറ്റൊരു അറസ്റ്റ് കൂടി. ഡിഎംകെ നേതാവ് ഇ എ സുകുവിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സുകുവിന്റെ അറസ്റ്റ്.

Also Read:

Kerala
'കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍, നേരില്‍ കാണാം'; ജാമ്യം ലഭിച്ചതിന് പിന്നാലെ പി വി അന്‍വര്‍

അന്‍വര്‍ കഴിഞ്ഞാല്‍ ഡിഎംകെയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് സുകു. ഡിഎംകെയുടെ രൂപീകരണം മുതല്‍ സുകു അന്‍വറിനൊപ്പമുണ്ടായിരുന്നു. വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് സുകു.

അല്‍പസമയം മുന്‍പായിരുന്നു ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വറിന് ജാമ്യം ലഭിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, എല്ലാ ബുധനാഴ്ചയും ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.

Content Highlights-DMK leader E A suku arrested for dfo office attack case

To advertise here,contact us