'കേസിൽ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാൽ പാർട്ടിയിൽ ആളുണ്ടാകുമോ';പെരിയ വിധിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി

'കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതം'

കാസർകോ‍ട്: പെരിയ ഇരട്ടകൊലക്കേസിലെ വിധിയിൽ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. വിധി പഠിച്ച ശേഷമായിരിക്കും വിഷയത്തിൽ തുടർതീരുമാനമുണ്ടാകുക. ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും എം വി ബാലകൃഷ്ണൻ പറഞ്ഞു. കേസിൽ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാൽ പാർട്ടിയിൽ ആളുണ്ടാകുമോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയായിരുന്നു കോടതി വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു.

Also Read:

Kerala
'ഡേയ് തെറ്റായി പോയി', എക്‌സൈസ് കുട്ടികളെ ഉപദേശിക്കണമായിരുന്നു; ന്യായീകരിച്ച് സജി ചെറിയാന്‍

ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി മുൻ അംഗവുമായ എ പീതാംബരൻ, രണ്ടാം പ്രതി സജി സി ജോർജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനിൽ കുമാ‍ർ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ആർ ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ അശ്വിൻ (അപ്പു ), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര ( എ സുരേന്ദ്രൻ) എന്നിവർക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടുവെന്നത് ചെറിയ കാര്യമല്ലെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. സിപിഐഎമ്മിൻ്റെ സമുന്നതരായ നേതാക്കള്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സിപിഐഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിതെന്നും കെ കെ രമ പറഞ്ഞു.

Also Read:

Kerala
'മറക്കാത്തതുകൊണ്ടാണല്ലോ വന്നത്'; എംടിയുടെ വീട്ടിലെത്തി മമ്മൂട്ടി

അതേസമയം വിധിയിൽ തൃപ്തരല്ലെന്ന് കൃപേഷിൻ്റെയും ശരത്തിൻ്റെയും കുടുംബം പ്രതികരിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്. സിപിഐഎം നേതാക്കൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്നും കൃപേഷിൻ്റെ അച്ഛൻ പ്രതികരിച്ചു. അവർക്ക് അഞ്ച് വർഷം മാത്രമാണ് ശിക്ഷ നൽകിയിരിക്കുന്നത്. ശിക്ഷ കുറഞ്ഞതിനാൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഏതറ്റം വരെയും പോയി ശിക്ഷ നേടി കൊടുക്കുമെന്നും കുടുംബം അറിയിച്ചു.

Content Highlight: CPIM leader reacts to periya murder case verdict

To advertise here,contact us