പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടം; ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി

സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ജയചന്ദ്രൻ നായരെന്നും പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ജയചന്ദ്രൻ നായരെന്നും പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായരെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബെംഗളൂരുവിലെ മകന്‍റെ വസതിയിലായിരുന്നു എസ് ജയചന്ദ്രൻ നായരുടെ അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ'ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചു.

Also Read:

Kerala
മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം. കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായാണ് പത്രപ്രവർത്തനം ആരംഭിച്ചത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

Content Highlights: Chief Minister pinarayi vijayan condoled the demise of S Jayachandran Nair

To advertise here,contact us