വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. രണ്ട് ടൗണ്‍ഷിപ്പുകളാണ് വയനാട്ടില്‍ നിര്‍മ്മിക്കുന്നത്. 1000 സ്ക്വയര്‍ ഫീറ്റ് വീടുകളായിരിക്കും നിര്‍മ്മിക്കുക.
ഇന്നാണ് പുനരധിവാസ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ മന്ത്രിസഭ അംഗീകരിച്ചത്. രണ്ട് എസ്റ്റേറ്റിലായി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കര്‍മ്മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നല്കാന് തീരുമാനിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നില്ല.
ഇതിനിടെ ഉരുള്‍പൊട്ടല്‍ പുനാരധിവാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. 10 ഗ്രൂപ്പായി തിരിഞ്ഞാണ് സര്‍വ്വേ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വേ. 600 കുടുംബങ്ങള്‍ക്ക് ഈ എസ്റ്റേറ്റില്‍ വീട് വച്ച് നല്‍കാനാകും എന്നാണ് കരുതുന്നത്.
Content Highlights: Wayanad Landslide Rehabilitation Project Construction for ULCC