കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി റിപ്പോർട്ടറിനോട്. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളിൽ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.
'സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവർ. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടൻ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്', കുട്ടി പറഞ്ഞു. ബസിൽ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.
സ്കൂൾ വിട്ട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ ഒരു കുട്ടി മരണപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർ പരിക്കുകളോടെ ചികിത്സയിലാണ്,.
Content Highlight: Kannur school bus accident: Students says bus was in high speed