ഐ സി ബാലകൃഷ്ണനെതിരായ ആരോപണം; വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി പാർട്ടിയെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കൾ

പാർട്ടിയിലെ അഴിമതിക്കാരായ നേതാക്കൾക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നെങ്കിലും പുനഃസംഘടന മനസ്സിൽകണ്ട്‌ പിന്നോട്ടുപോകുകയായിരുന്നു

icon
dot image

വയനാട്: ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പ്രതിരോധത്തിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കാൻ വിഭാഗീയതകൾ മറന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഒന്നിക്കുന്നു. തിങ്കളാഴ്ച ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ വസതിയിൽ മുതിർന്ന നേതാക്കളുടെ യോഗം നടന്നു. ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ യോഗത്തിൽ തീരുമാനമുണ്ടായി.

പാർട്ടിയിലെ അഴിമതിക്കാരായ നേതാക്കൾക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നെങ്കിലും പുനഃസംഘടന മനസ്സിൽകണ്ട്‌ പിന്നോട്ടുപോകുകയായിരുന്നു. തുടർന്നാണ് ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഐസി ബാലകൃഷ്ണൻ എംഎൽഎയെയും പാർട്ടിയെയും പ്രതിരോധിച്ച് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പത്രസമ്മേളനവുമായി രംഗത്തുവന്നിരുന്നു.

Also Read:

Kerala
ഭാരത് അരി വിതരണം കേരളത്തില്‍ വീണ്ടും, തുടക്കം പാലക്കാട്; കിലോയ്ക്ക് 34 രൂപ

2008 മുതൽ 2016 വരെയുള്ള കാലയളവിലാണ് സഹകരണസ്ഥാപനങ്ങളിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് കോടികൾ കൈമാറപ്പെട്ടത്. ഇതിന് പിന്നിൽ ഇപ്പോള്‍ പാർട്ടിയിൽ ഇല്ലാത്ത, സഹകാരിയായിരുന്ന ഒരു തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്നു എന്നാണ് ആരോപണം. ബത്തേരി അർബൻ ബാങ്ക്, ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു കോഴനിയമങ്ങൾ നടന്നത്. ഇതിൽ ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരങ്ങൾ നടത്തിയിരുന്നെങ്കിലും, അവയൊന്നും ലക്‌ഷ്യം കണ്ടിരുന്നില്ല. ഉദ്യോഗാർത്ഥികളിൽ നിന്ന് താഴത്തട്ടിലുള്ള നേതാവ് പണം കൈപ്പറ്റി, മുതിർന്ന നേതാക്കളിലേക്ക് പോകുന്ന രീതിയായിരുന്നു ഇവിടം ഉണ്ടായിരുന്നത്.

വയനാട് ജില്ലയിലെ കോൺഗ്രസ് സഹകരണസ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാനായി കോൺഗ്രസ് തന്നെ കമ്മീഷനുകൾ നിയമിച്ചിരുന്നു. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകളിൽ നടപടികൾ ഉണ്ടായിരുന്നില്ല. 2021ൽ ഡിസിസി നിയോഗിച്ച ഒരു കമ്മീഷന്റെ റിപ്പോർട്ടിൽ അർബൻ ബാങ്ക് പ്രസിഡന്റ് ഡോ സണ്ണി ജോർജ്, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

Also Read:

Kerala
'കാലുകളനക്കി, ചിരിച്ചുകൊണ്ട് കൈ മുറുകെപ്പിടിച്ചു'; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി

ഈ കമ്മീഷൻ റിപ്പോർട്ടിൽ, കോഴ വാങ്ങിയവരും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവരുമായി ജില്ലയിലെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിരുന്നു. ഇവർക്കെതിരെയുള്ള തെളിവുകളും കമ്മീഷന് ലഭിച്ചിരുന്നു. എന്നാല്‍ ഉയർന്ന സ്ഥാനത്തിലുള്ളവരായതിനാൽ നടപടികൾ എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കെപിസിസി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. എന്നാൽ ഈ കമ്മീഷനും നേതാക്കളെ വെറുതെവിട്ടു.

ഇത്തരം കോഴനിയമനങ്ങളിൽ, കോൺഗ്രസിലെ ചില നേതാക്കൾക്ക് സിപിഐഎമ്മിൽ ഒരു വിഭാഗത്തിൽ നിന്നും പിന്തുണ ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ സിപിഐഎം നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും നിയമനം ലഭിച്ചത് ഈ 'ഡീലി'ന്റെ ഭാഗമായിട്ടാണ് എന്നും ആരോപണങ്ങളുണ്ട്. നിയമന അഴിമതിയെപ്പറ്റി സിപിഐഎമ്മിന് സംസാരിക്കാൻ യാതൊരു ധാർമികതയും ഇല്ല എന്നാണ് കോൺഗ്രസ് വിമർശനം. നിയമന അഴിമതിക്ക് കോൺഗ്രസ് പുറത്താക്കിയ ബാങ്ക് ചെയർമാൻ സണ്ണി ജോർജിനെ കൂട്ടുപിടിച്ച്, ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎം മത്സരിച്ചത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ഈ പ്രതിരോധം.

Content Highlights: Wayanad Congress leaders avoid all differences to defend party on bribe allegations

To advertise here,contact us
To advertise here,contact us
To advertise here,contact us