വിധി സിബിഐയുടെ ​ഗൂഢാലോചന സിദ്ധാന്തത്തിനേറ്റ തിരിച്ചടി; പെരിയ കേസ് പ്രതിഭാ​ഗം അഭിഭാഷകൻ

രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അഭിഭാഷകൻ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ വിധി സിബിഐയുടെ ​ഗൂഢാലോചന സിദ്ധാന്തത്തിന് ഏറ്റ തിരിച്ചടിയെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ. സിബിഐ പ്രതിചേർത്തവരിൽ ആറ് പേരാണ് കുറ്റവിമുക്തരായത്. രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തന്റെ 58 വർഷത്തെ അഭിഭാഷക ജീവിതം ജനങ്ങൾക്ക് അറിയാമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കോൺ​ഗ്രസിലായിരുന്ന സി കെ ശ്രീധരൻ പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതിഭാ​ഗത്തിന്റെ വക്കാലത്തും ശ്രീധരൻ ഏറ്റെടുത്തിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഉന്നയിച്ചത്. ശ്രീധരനെ കുടുംബത്തിലെ ഒരം​ഗത്തെ പോലെയാണ് കണ്ടതെന്നും എന്നാൽ അദ്ദേഹം കൂടെനിന്ന് ചതിച്ചുവെന്നുമായിരുന്നു കുടുംബങ്ങളുടെ പ്രതികരണം.

Also Read:

Kerala
'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

പൊലീസ് പട്ടികയിൽ ഉൾപ്പെടാതെ സിബിഐ കൂട്ടിച്ചേർത്ത പത്തിൽ നാല് പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15ആം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര),20ആം പ്രതി കെ വി കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21ആം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22ആം പ്രതി കെവി ഭാസ്കരൻ എന്നിവരാണ് സിബിഐ കൂട്ടിച്ചേർത്തവരിൽ പ്രതികളായവർ. കെ മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാം.

ജനുവരി മൂന്നിനാണ് കേസിൽ കോടതി ശിക്ഷ വിധിക്കുക. 24 പേർ ഉൾപ്പെട്ട പ്രതിപട്ടികയിൽ 14 പേരെ മാത്രമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാ​ഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്.

Content Highlight: Periya Murder Case: CK Sreedhran reacts

To advertise here,contact us