കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: കേസെടുത്തിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്

അഞ്ചു ദിവസം മുൻപാണ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നൽകാതിരിക്കുകയും അധികൃതർ അപമര്യാദയായി പെരുമാറുകയും ചെയ്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അഞ്ചു ദിവസം മുൻപാണ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. എന്നാൽ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജല്ല കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല.

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവർക്കെതിരെയാണ് സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബു ആത്മഹത്യക്കുറപ്പിൽ എഴുതിയിരുന്നു.

Also Read:

Kerala
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

കേസെടുത്തതിനെ തുടർന്ന് മൂവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണ്. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് മൂന്നു പേരും. എന്നാൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള കാര്യമായ ശ്രമം പൊലീസ് നടത്തുന്നുമില്ല. കേസിൽ മൂവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.

ബാങ്കിലെ മറ്റ് ജീവനക്കാരുടെയും നാല് ഭരണ സമിതി അംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടിത്തിയിട്ടുണ്ട്. സാബുവിന്റെ ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകകളെ സംബന്ധിച്ച വിവരം അന്വേഷണ സംഘം ശേഖരിച്ചു കൊണ്ടിരി്ക്കുകയാണ്. അതേസമയം സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റിയംഗം വി ആർ സജിയുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്റെ ഫോൺ ഫൊറൻസിക് പരിശോധനക്ക് കൈമാറി. ഇതിൽ നിന്നും തെളിവുകൾ കിട്ടിയ ശേഷം സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം.

Also Read:

National
മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍

ഡിസംബർ 20നായിരുന്നു കട്ടപ്പന മുളപ്പാശ്ശേരിയിൽ സാബു ബാങ്കിന് മുന്നിലെത്തി ആത്മഹത്യ ചെയ്തത്. വ്യാപാരിയായിരുന്നു സാബു. ആത്മഹത്യക്ക് പിന്നാലെ സാബു എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും സാബു കുറിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Kattappana investor death case: Police delays arrest of accused

To advertise here,contact us