സംഘപരിവാര്‍ നുഴഞ്ഞുകയറ്റത്തെ അകറ്റി നിര്‍ത്തിയ സംഘടനയാണ് എന്‍എസ്എസ്; പുകഴ്ത്തി വി ഡി സതീശന്‍

രാഷ്ട്രീയവും മതവും തമ്മില്‍ അകലം വേണമെന്ന നിലപാട് തന്നെയാണ് തനിക്കെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍ അവരെ അകറ്റി നിര്‍ത്തിയവരാണ് എന്‍എസ്എസ് നേതൃത്വം. ഇന്ത്യയിലെ പല ഹൈന്ദവ സംഘടനകളെയും സംഘപരിവാര്‍ വിഴുങ്ങി. അപ്പോഴും അവരെ അകത്തുകടത്താതെ ധീരമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

എന്‍എസ്എസുമായി തനിക്ക് യാതൊരു പ്രശ്‌നവും ഇല്ല. എന്‍എസ്എസിനെ ഒരു കാലത്തും താന്‍ അധിക്ഷേപിച്ചിട്ടില്ല. രാഷ്ട്രീയവും മതവും തമ്മില്‍ അകലം വേണമെന്ന നിലപാട് തന്നെയാണ് തനിക്കെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ശശി തരൂരിനെയും കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും ക്ഷണിച്ചിട്ടുണ്ട്. ഏത് മതവിഭാഗം ആണെങ്കിലും പരിപാടി നടത്തുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉണ്ടാവുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ശിവഗിരിയിലെ സമ്മേളനത്തിന് താന്‍ പങ്കെടുക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിമര്‍ശനം വന്നാല്‍ പരിശോധിക്കാം. തെറ്റുപറ്റിയാല്‍ തിരുത്തും. നമ്മള്‍ വലിയ നേതാവൊന്നും അല്ലല്ലോ. വിഡി സതീശന്‍ ശരിയല്ലെന്ന് പറയുമ്പോള്‍ താൻ മെക്കിട്ട് കയറുന്നതെന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ആരുമായും പിണക്കത്തിലല്ല. മത മാസുദായിക നേതാക്കളുമായി നല്ല ബന്ധമാണ്. മതേതര നിലപാടാണ് തങ്ങള്‍ എടുത്തിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലായിരുന്നു പ്രതികരണം.

Also Read:

Kerala
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴ, പഞ്ചായത്തില്‍ പ്രതിഷേധം

പ്രതിപക്ഷ നേതാവിനുവേണ്ട മെയ് വഴക്കം വി ഡി സതീശന് ഇല്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്. എസ്എന്‍ഡിപി-എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമാരുമായി വി ഡി സതീശന്‍ ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടനകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടക്കുന്നുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlights: V D Satheesan Praise NSS

To advertise here,contact us