വണ്ടിപ്പെരിയാര്‍ കേസ്; കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം, അസാധാരണ നടപടി

പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം

കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബോണ്ട് നല്‍കിയാല്‍ അര്‍ജ്ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജ്ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി.

അര്‍ജുന്റെ അഭിഭാഷകന്‍ എസ് കെ ആദിത്യന്‍ ഹൈക്കോടതിയിലെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയാണ് അര്‍ജുന്‍. അര്‍ജുനെ നേരത്തെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു.

അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്‌സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

Content Highlight: Vandiperiyar case accused Arjun must surrender

To advertise here,contact us