മെക്‌സെവന്‍ മികച്ച അനുഭവം; പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്, പങ്കാളിയായി അബിനും

ആര്‍എസ്എസിന്റെ ശാഖയില്‍ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വിഷമം ഇല്ലല്ലോയെന്നും അബിന്‍

മലപ്പുറം: വിവാദ മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി മലപ്പുറം ചേളാരിയില്‍ മെക് സെവനില്‍ പങ്കെടുത്തു. വ്യായാമത്തെ വര്‍ഗീയതായി മുദ്രകുത്തുന്നത് സിപിഐഎമ്മും സംഘപരിവാറും ആണെന്ന് അബിന്‍ പ്രതികരിച്ചു.

മികച്ച അനുഭവമാണ് മെക് സെവന്‍. പ്രേത്സാഹിപ്പിക്കണം. ആര്‍എസ്എസിന്റെ ശാഖയില്‍ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വിഷമം ഇല്ലല്ലോയെന്നും അബിന്‍ ചോദിക്കുന്നു. നേരത്തെ മെക് സെവനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നും പറഞ്ഞ് പ്രസ്താവനയില്‍ നിന്നും സിപിഐഎം പിന്മാറുകയായിരുന്നു.

Also Read:

Kerala
കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, എൽദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി; ഇന്ന് ഹർത്താൽ

വിവാദങ്ങള്‍ തുടരുന്നതിനിടെ കോഴിക്കോട് കോതിയില്‍ ഇന്ന് മെക് സെവന്‍ പുതിയ ബാച്ച് തുടങ്ങി. രാവിലെ 6.30 ന് കോഴിക്കോട് കോര്‍പറേഷനിലെ പ്രതിപക്ഷ ഉപനേതാവ് എസ് കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മെക് സെവന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു.

Content Highlights: Youth Congress support abin varkey

To advertise here,contact us