'കാട്ടാന ആക്രമണത്തിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല, ജനകീയ പ്രതിഷേധം സ്വഭാവികം': മന്ത്രി

'കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി'

കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. അപകടം അറിഞ്ഞ ഉടൻ തന്നെ കലക്ടരുമായി ബന്ധപ്പെട്ടു. അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘർഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടികൾ ആലോചിച്ചിട്ടുണ്ട്. എല്‍ദോസിനുളള സഹായ ധനം ഒരുമിച്ച് നൽകുന്നത് ആലോചനയിലുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. വന്യ ജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം അനുവദിക്കാമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ മുൻപ് പണം അനുവദിക്കാം എന്ന് പറഞ്ഞപ്പോഴൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 22 റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമുകൾ (ആർആർടി) പുതുതായി ഉണ്ടാകേണ്ടതായിരുന്നു. കേന്ദ്രം പണം അനുവദിക്കാത്തത് കൊണ്ട് അത് നടന്നില്ല. ഇതിനെ സംബന്ധിച്ചുളള റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടമ്പുഴയിലെ സംഭവത്തിൽ സിസിഎഫ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല. അസ്വാഭാവിക കാലതാമസം ഉണ്ടെങ്കിൽ പരിശോധിക്കപ്പെടണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Also Read:

Kerala
'ശശീന്ദ്രനോട് രാജിവെയ്ക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടു'; താൻ ഉടൻ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ്

ഇന്നലെ രാത്രിയാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights: Forest Department Minister AK Saseendran reacted to the incident where a young man was killed in a forest attack in Kuttampuzha

To advertise here,contact us