മെക് സെവൻ വിവാദം: പ്രസ്താവനകൾ തിരിച്ചടിയാകുമോയെന്ന ആശയക്കുഴപ്പം; പ്രതികരണങ്ങൾക്ക് മുതിരാതെ സിപിഐഎം

കൂട്ടായ്മയിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവന ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു

കോഴിക്കോട്: മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരെ കൂടുതൽ പ്രതികരണങ്ങൾക്ക് മുതിരാതെ സിപിഐഎം. കൂട്ടായ്മയിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നത് തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുണ്ട്. പാർട്ടി അനുഭാവികളോ ഭാരവാഹിത്വമുള്ളവരോ കൂട്ടായ്മയുടെ ഭാഗമാണ് എന്നുള്ളതും മറ്റൊരു ഘടകമാണ്.

സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുൻ മന്ത്രി അഹമദ് ദേവർ കോവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്. അതേസമയം എ പി വിഭാഗം സമസ്തയുടെയും സിപിഐഎമ്മിൻ്റെയും നിലപാടുകളെ പൂർണ്ണമായും തള്ളുകയാണ് മെക് സെവൻ. എല്ലാജാതി മതസ്ഥരും കൂട്ടായ്മയുടെ ഭാഗമാണെന്നും മതപരമായ ഒന്നും കൂട്ടായ്മയിൽ ഇല്ലെന്നുമാണ് വിശദീകരണം.

മലബാർ മേഖലയിൽ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ മലബാറിൽ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകൾ വന്നു.

ഇപ്പോൾ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്. മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്‌ലിം വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നുമാണ് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫിയാണ് പറഞ്ഞത്. മെക് സെവന് പിന്നിൽ ചതിയാണ്. വിശ്വാസികൾ പെട്ടുപോകരുതെന്നും പേരോട് സഖാഫി പറഞ്ഞിരുന്നു. മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്‌ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കിൽ എന്തിനാണ് ഇസ്‌ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങൾ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പിന്നാലെ സിപിഐഎമ്മും ഈ കൂട്ടായ്മയെ എതിർത്ത് രംഗത്തെത്തി. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത്ത ഇസ്ലാമിയുടേയും നേതാക്കളാണ് ഈ കൂട്ടായ്മക്ക് പിന്നിലെന്ന ഗുരുതര ആരോപമാണ് സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം ഉയർത്തിയത്.

Also Read:

Kerala
മലബാറില്‍ പടര്‍ന്ന വ്യായാമ കൂട്ടായ്മ; എന്തുകൊണ്ട് മെക് 7 വിവാദം

ഈ വാട്‌സാപ് കൂട്ടായ്മയുടെ അഡ്മിൻ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണ് എന്ന ആരോപണമാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉയർത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമായ എൻഡിഎഫ് സമാന രീതിയിലാണ് കേരളത്തിൽ വേരോട്ടമുണ്ടാക്കിയത് എന്ന കാരണം നിരത്തി എസ്‌വൈഎസും രംഗത്തെത്തി. കളരി പരിശീലിപ്പിച്ചായിരുന്നു അന്ന് എൻഡിഎഫ് യുവാക്കളെ സ്വാധീനിച്ചത്.

മെക് സെവൻ വാട്‌സാപ് കൂട്ടായ്മയിൽ ഉപയോഗിക്കുന്ന പല പദങ്ങളും മുസ്‌ലിം വിശ്വാസികൾക്ക് ബാധകമാവുന്ന തരത്തിലാണെന്നും അവർ നിരീക്ഷിക്കുന്നു.

Content Highlights: CPIM didn't respond about the reactions against Mec Seven

To advertise here,contact us