മലബാറില്‍ പടര്‍ന്ന വ്യായാമ കൂട്ടായ്മ; എന്തുകൊണ്ട് മെക് 7 വിവാദം

മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്.

കോഴിക്കോട്: മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. എന്നാല്‍ ഈ കൂട്ടായ്മ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത് ആരോഗ്യ സംരക്ഷണത്തിന്റെ പേരിലല്ല. മെക് 7 ന് എന്ന കൂട്ടായ്മയ്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന ആരോപണം ചൂടുപിടിക്കുകയാണ്. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് 7.

മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു. വലിയ തോതില്‍ ആളുകള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദവും വരുന്നത്. ആദ്യം വിമര്‍ശനവുമായി എത്തിയത് സമസ്ത എ പി വിഭാഗമായിരുന്നു.

വ്യായാമ പരിപാടിക്ക് ശേഷം മതപരമായ സലാം ചൊല്ലല്‍ അടക്കം നടത്തുന്നുവെന്നതടക്കമാണ് എ പി വിഭാഗത്തെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ അവര്‍ നല്‍കിയ മുന്നറിയിപ്പില്‍ സുന്നി വിശ്വാസികള്‍ ഇതില്‍ പെട്ടുപോവരുത് എന്ന താക്കീതാണ് ഉള്ളത്. പിന്നാലെ സിപിഐഎമ്മും ഈ കൂട്ടായ്മയെ എതിര്‍ത്ത് രംഗത്തെത്തി. നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത്ത ഇസ്ലാമിയുടേയും നേതാക്കളാണ് ഈ കൂട്ടായ്മക്ക് പിന്നിലെന്ന ഗുരുതര ആരോപമാണ് സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം ഉയര്‍ത്തിയത്.

ഈ വാട്‌സ് ആപ് കൂട്ടായ്മയുടെ അഡ്മിന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണ് എന്ന ആരോപണമാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉയര്‍ത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ എന്‍ഡിഎഫ് സമാന രീതിയിലാണ് കേരളത്തില്‍ വേരോട്ടമുണ്ടാക്കിയത് എന്ന കാരണം നിരത്തി എസ്‌വൈഎസും രംഗത്തെത്തി. കളരി പരിശീലിപ്പിച്ചായിരുന്നു അന്ന് എന്‍ഡിഎഫ് യുവാക്കളെ സ്വാധീനിച്ചത്. മെക് സെവന്‍ വാട്‌സ്ആപ് കൂട്ടായ്മയില്‍ ഉപയോഗിക്കുന്ന പല പദങ്ങളും മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാവുന്ന തരത്തിലാണെന്നും അവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ സംഘടന ആരോഗ്യ സംരക്ഷണം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതില്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ഉണ്ടെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് കൂട്ടായ്മയുടെ ഭാരവാഹികള്‍ പറയുന്നത്.

Content Highlights: Whats is Mec & Controversy

To advertise here,contact us