തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മൂന്ന് പഞ്ചായത്തുകളിൽ എൽഡിഎഫ് വീണു; ഭരണം പിടിച്ച് യുഡിഎഫ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടമുണ്ടാക്കി യുഡിഎഫ്. മൂന്ന് പഞ്ചായത്തുകളിലാണ് ഇതോടെ യുഡിഎഫ് എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചത്. തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചത്.

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അലി തേക്കത്ത് 28 വോട്ടുകൾക്കാണ് വിജയിച്ചത്. ചാണ്ടി തുണ്ടുമണ്ണിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ്- 8 എൽഡിഎഫ്-7 എന്നിങ്ങനെയായിരുന്നു നേരത്തെ ഇവിടുത്തെ കക്ഷിനില. എൽഡിഎഫ് അംഗമായിരുന്ന ജോർജ് തച്ചമ്പാറ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Also Read:

Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തില്‍ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചു

ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പന്നൂർ വാർഡിൽ യുഡിഎഫിലെ എ എൻ ദിലീപാണ് വിജയിച്ചത്. 177 വോട്ടുകൾക്കായിരുന്നു ദിലീപിൻ്റെ വിജയം. ഇതോടെയാണ് ഇവിടെ ഭരണ മാറ്റത്തിന് സാധ്യത തെളിഞ്ഞത്.

തൃശ്ശൂർ ജില്ലിയിലെ നാട്ടിക ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തതോടെയാണ് നാട്ടിക പഞ്ചായത്തിലെ ഭരണം യുഡിഎഫിന് ലഭിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്.

Also Read:

Kerala
വോട്ട് കുത്തനെ ഉയര്‍ത്തി കോണ്‍ഗ്രസ്; ചേരമാന്‍ ജുമാ മസ്ജിദ് വാര്‍ഡ് നിലനിര്‍ത്തി ബിജെപി

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ഡിസംബർ 10-നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേ‍ർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ​ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Content Highlights: LDF lost in three panchayats UDF gain

To advertise here,contact us