'ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം, അവഗണിക്കരുത്'; ചെറിയാൻ ഫിലിപ്പ്

'ഉമ്മൻചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ'

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ പാർട്ടി അവഗണിക്കരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി തന്നെ അവഗണിച്ചുവെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ചെറിയാൻ ഫിലിപ്പ്.

ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മൻ എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഉമ്മൻചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മനെ കോൺഗ്രസ് പ്രയോജനപ്പെടുത്തണം. എ ഗ്രൂപ്പിന്റെ പിന്തുടർച്ചാ അവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവർത്തകരുടെ അഭിപ്രായമെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമാക്കിയത്. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.

Also Read:

Kerala
ഈ കൈകൾ പരിശുദ്ധം, കോലം കത്തിച്ചു എന്ന് പറഞ്ഞാൽ എന്നെ കത്തിച്ചു എന്നാണ് അർത്ഥം: എം കെ രാഘവൻ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Content Highlights: Cheriyan philip supports chandy oommen

To advertise here,contact us