മുനമ്പം ഭൂമി പ്രശ്‌നം; പരസ്യ പ്രസ്താവന വിലക്കി മുസ്‌ലിം ലീഗ്

സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് തന്നെയാണ് ലീഗ് നിലപാട്. അതല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ ഒന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുനമ്പം വിഷയത്തിലും അത് തന്നെയാണ് നയം. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. അവിടെ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടരുതെന്നാണ് നിലപാട്. വിഷയം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളിയ കെ എം ഷാജിയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതും - ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്ത് സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നും വ്യക്തമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മുനമ്പത്തെ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവര്‍ക്ക് വിറ്റത് ആരാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാന്‍ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു. വഖഫ് ചെയ്തതിന് രേഖകള്‍ ഉണ്ടെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു. പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.

Content Highlights: Munambam land issue; Muslim League bans public statement

To advertise here,contact us