'ആലപ്പുഴയുടെ മന്ത്രി എന്നെ 'കൈകാര്യം' ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്'; വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു

'എന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളർച്ചയെ വിപ്ലഭൂമിയായ ആലപ്പുഴയിൽ ഇനി നിങ്ങൾക്ക് തടയാൻ കഴിയില്ല'

തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയിലും സമീപിക്കുമെന്നും ബിപിന്‍ സി ബാബു പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നുള്ള സിപിഐഎം മന്ത്രിയായ സജി ചെറിയാൻ പ്രവർത്തക യോഗത്തിൽ പങ്കെടുത്തിരുന്നു.

'കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവർത്തന യോഗത്തിൽ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. ജനിച്ചാൽ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്. പുന്നപ്ര വയലാറിൻറെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ പത്തിയൂരിൽ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ ബിജെപിയിൽ അംഗത്വം എടുത്തത്. എന്നെ ഇനി തളർത്തിയിട്ടാലും എന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളർച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയിൽ ഇനി നിങ്ങൾക്ക് തടയാൻ കഴിയില്ല', എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

അടുത്തിടെയായിരുന്നു ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കേക്ക് മുറിച്ചായിരുന്നു ബിപിന്‍ സി ബാബുവിന്റെ കൂറുമാറ്റത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പോയി തന്നതിന് നന്ദി എന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നത്.

Also Read:

Kerala
നവീന്‍ ബാബുവിന്റെ മരണം: സിബിഐ വേണ്ടെന്ന് സർക്കാർ, ഏറ്റെടുക്കാമെന്ന് സിബിഐ; ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി

സ്ത്രീധന പീഡനക്കേസില്‍ ആരോപണവിധേയന്‍ കൂടിയാണ് ബിപിന്‍. വിവാഹ സമയത്ത് 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഭാര്യ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്. ബിപിന്‍ സി ബാബുവിനൊപ്പം അമ്മ പ്രസന്നകുമാരിയുംസ്ത്രീധനപീഡനക്കേസിലെ രണ്ടാം പ്രതിയാണ്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസന്നകുമാരിയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും അവഗണന നേരിടുകയാണെന്നും ഇനി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനില്ലെന്നും പ്രസന്നകുമാരി പറഞ്ഞിരുന്നു.

Content Highlight: Bipin C babu claims there is death threat against him

To advertise here,contact us