'വഖഫ് ഭൂമിയില്‍ രാഷ്ട്രീയക്കാരും ഭൂമാഫിയയും കണ്ണുവെച്ചിട്ടുണ്ട്'; പി ജയരാജന്‍

ആക്രമണത്തിന് പ്രേരണ നല്‍കുന്ന തീവ്രവാദ ആശയമാണ് ജമാഅത്തെ ഇസ്‌ലാമിയുടേതെന്നും പി ജയരാജന്‍ പറഞ്ഞു.

തൃശ്ശൂര്‍: രാജ്യത്ത് പലയിടങ്ങളിലും കേരളത്തിലും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പലതരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. വഖഫ് ചെയ്ത സ്വത്ത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍ വിശ്വാസത്തെ വഞ്ചിച്ചും നിയമം ലംഘിച്ചും വഖഫ് ഭൂമി കൈകാര്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി ജയരാജന്‍ രചിച്ച 'കേരളം മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തെ ആധാരമാക്കി തൃശ്ശൂരില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

വഖഫ് ഭൂമിയില്‍ രാഷ്ട്രീയക്കാരും ഭൂമാഫിയയും കണ്ണുവെച്ചിട്ടുണ്ട്. ഇക്കാര്യം തുറന്നുപറയാന്‍ കഴിയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ. എല്ലാ വിശ്വാസത്തെയും വകവെക്കുന്നയാളാണ് താന്‍. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ തുറന്നുപറയാന്‍ മടിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു. അതേ സമയം വഖഫ് ഭൂമി പ്രശ്‌നം വര്‍ഗീയപ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ഏകീകരണത്തിന് മുസ് ലിം ലീഗ് ശ്രമിക്കുന്നു. മതരാഷ്ട്രീയവാദികള്‍ക്കെതിരായി ലീഗ് നില്‍ക്കുന്നില്ല. മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും രണ്ടാണ്. മതരാഷ്ട്രമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം.രാഷ്ട്രീയ ഇസ്‌ലാമിന്റെ സ്വാധീനത്തിന് വിധേയമാകുകയാണ് ലീഗ്. ആക്രമണത്തിന് പ്രേരണ നല്‍കുന്ന തീവ്രവാദ ആശയമാണ് ജമാഅത്തെ ഇസ്‌ലാമിയുടേതെന്നും പി ജയരാജന്‍ പറഞ്ഞു.

Content Highlights: 'Politicians and land mafia have eyes on waqf land'; P Jayarajan

To advertise here,contact us