കൊടകര കള്ളപ്പണക്കേസ്; ഇഡി അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊടകര കവർച്ചാ കേസിലെ അൻപതാം സാക്ഷി സന്തോഷ് ഹർജി നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഇഡിയുടെ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഇഡിയും കേന്ദ്ര ആദായ നികുതി വകുപ്പും മറുപടി നൽകിയേക്കും. കൊടകര കവർച്ചാ കേസിലെ അൻപതാം സാക്ഷി സന്തോഷ് ഹർജി നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കൊടകര കവർച്ചാ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആക്ഷേപം.

2021 ഏപ്രിൽ മൂന്നിന് പുലർച്ചെയായിരുന്നു ദേശീയ പാതയിലെ കോടികളുടെ കവർച്ച. കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹവാല - കള്ളപ്പണ ഇടപാട് ഉള്ളതിനാൽ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഇഡിക്ക് കൈമാറി. ആകെ 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടാണ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചെലവഴിക്കാനായാണ് ഇത്രയും തുക കേരളത്തിലേക്ക് എത്തിച്ചത്. ഇതിൽ 27 കോടി രൂപ ഹവാല വഴിയും 14 കോടി 40 ലക്ഷം രൂപ പാഴ്സലായും എത്തിച്ചു. കർണാടകയിലെ ബിജെപി നേതാക്കളായിരുന്നു പണം എത്തിച്ചതിന് പിന്നിലെന്നാണ് പൊലീസിന് നൽകിയ മൊഴി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിർദ്ദേശമനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പണം കൈമാറിയെന്നും ആണ് പണമെത്തിക്കാനുള്ള ചുമതലയുള്ള കോഴിക്കോട് സ്വദേശി ധർമ്മരാജന്റെ മൊഴി.

Also Read:

Kerala
'പഠനത്തിൽ മിടുമിടുക്കൻ, ഒറ്റയ്ക്കിരുന്നു പഠിച്ചു നേടിയ നീറ്റ്' നോവായി മുഹമ്മദ് അബ്ദുൽ ജബ്ബാർ

ഇതിനിടെ കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചിരുന്നു. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെയാണ് പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം അരംഭിച്ചിരിക്കുന്നത്. വെളിപ്പെടുത്തൽ നടത്തിയ തിരൂ‍ർ സതീഷിനെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്ന് മൊഴി നൽകിയെന്ന് തിരൂ‍‍ർ സതീഷ് വ്യക്തമാക്കിയിരുന്നു.

ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.

Also Read:

National
അസമിൽ ബീഫിന് വിലക്ക്; പൂർണ നിരോധനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കള്ളപ്പണത്തിൽ ബാക്കിവന്ന ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബി​ഗ്ഷോപ്പറിലുമായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും കൊണ്ടുപോയെന്നും ഏറ്റവും ഒടുവിലായി തിരൂ‍ർ സതീഷ് വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയി. ഈ ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണ്?. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യിൽ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേർന്നാണ് വീതം വച്ചത്? ഈ പണം ആരെല്ലാം ചേർന്ന് വീതം വെച്ചു എന്ന് പൊലീസ് അന്വേഷിക്കണമെന്നും തിരൂർ സതീഷ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: High Court will hear the plea challenging the delay in the ED investigation Kodakara blackmoney case

To advertise here,contact us