'കാർ നൽകിയത് വാടകയ്ക്കല്ല, പരിചയത്തിന്റെ പുറത്ത്, ആറ് പേർ ഉള്ളു എന്നാണ് പറഞ്ഞത്'; കാർ ഉടമ റിപ്പോർട്ടറിനോട്

'വീട്ടുകാർ അറിയാതെ എങ്ങനെയാണ് വണ്ടി തരികയെന്ന് ചോദിച്ചപ്പോൾ ഇക്കയുടെ നമ്പർ തന്ന് വിളിച്ച്‌ പറഞ്ഞേക്കാൻ പറഞ്ഞു'

ആലപ്പുഴ: കളർകോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നൽകിയത് വാടകയ്ക്കല്ലെന്ന് കാർ ഉടമ ഷാമിൽ ഖാൻ. മുഹമ്മദ് ജബ്ബാറുമായി രണ്ട് മാസത്തെ പരിചയമുണ്ടെന്നും, അതിന്റെ പുറത്താണ് വണ്ടി നൽകിയതെന്നും ഷാമിൽ ഖാൻ റിപ്പോർട്ടറിനോട് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോകണം എന്നായിരുന്നു തന്നോട് ജബ്ബാർ പറഞ്ഞത് എന്നും ആറ് പേരാണ് ഉണ്ടാകുക എന്നും തന്നോട് പറഞ്ഞിരുന്നതായും ഷാമിൽ ഖാൻ പറഞ്ഞു.

ഷാമിൽ ഖാന്റെ വാക്കുകൾ

ജബ്ബാറുമായി എനിക്ക് മുന്നേ പരിചയമുണ്ട്. സെക്കൻഡ് ഹാൻഡ് വണ്ടി എടുത്ത്‌ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക്.ഇന്നലെ ഏഴര മണിയോടെ ജബ്ബാർ തന്റെ വീട്ടിൽ വന്നിരുന്നു. എന്നെ കാണാത്തപ്പോൾ ഫോണിൽ വിളിച്ച്‌ ഇന്ന് അവധിയായതിനാൽ സെക്കൻഡ് ഷോയ്ക്ക് പോകാൻ വണ്ടി വേണമെന്ന് പറഞ്ഞു. ആറ് പേർ ഉള്ളതുകൊണ്ട് ബൈക്കിന് പകരം കാർ ചോദിച്ചു.

Also Read:

Kerala
'മുൻപിൽ എന്തോ ഉള്ളതായി തോന്നി, കാര്‍ വെട്ടിച്ചു..പക്ഷേ'; കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാർത്ഥി

ഞാൻ ആദ്യം കൊടുക്കാൻ മടിച്ചു. എനിക്ക് അവരെ ഇങ്ങനെയുള്ള പരിചയമല്ലേയുള്ളൂ. വീട്ടുകാർ അറിയാതെ എങ്ങനെയാണ് വണ്ടി തരികയെന്ന് ചോദിച്ചപ്പോൾ എന്റെ ഇക്കയുടെ നമ്പർ തന്ന് വിളിച്ച്‌ പറഞ്ഞേക്കാൻ പറഞ്ഞു. ഞാൻ ചേട്ടനെ വിളിച്ചപ്പോൾ വണ്ടി കൊടുത്തോളാനാണ് പറഞ്ഞത്. അങ്ങനെ കൊടുത്തുവിട്ടതാണ് വണ്ടി.

വണ്ടിക്ക് ലൈസൻസും മറ്റ് എല്ലാ രേഖകളും ഉണ്ട്. എന്റെ പേരിൽ തന്നെയുള്ള വണ്ടിയാണ്. കാലപ്പഴക്കം ഇല്ലാത്ത നീറ്റ് വണ്ടിയായിരുന്നു. ആറ് പേരെ ഉള്ളു എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്. ബ്രേക്കിന് ഒരു തകരാറുമില്ല. സിസിടിവി കണ്ടപ്പോൾ എനിക്ക് മനസിലായത് വണ്ടി വലത്തേക്ക് തിരിച്ചപ്പോൾ ബ്രേക്ക് പിടിച്ചത് മൂലം തെന്നി ബസിൽ ഇടിച്ചതാണെന്നാണ്. ഇത് ടാക്സി ആയെടുത്ത വണ്ടിയല്ല. വാഹനം വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

Also Read:

Kerala
'അച്ചൂന് വയ്യെന്ന് പറഞ്ഞാണ് കോള്‍ വന്നത്, പിന്നെയാ പറഞ്ഞത് പോയീന്ന്'; വിതുമ്പി ദേവാനന്ദിൻ്റെ മുത്തച്ഛന്‍

തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Content Highlights: Car owner on Kalarkode accident

To advertise here,contact us