മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

'ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ'

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാകില്ലെന്ന് നാര്‍ക്കോട്ടിക്ക് സെല്ലിന്‍റെ റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സുപ്രീം കോടതി വിധികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. മറ്റൊരാള്‍ പരാതി നല്‍കി എന്നത് കൊണ്ട് കേസ് നിലനില്‍ക്കില്ല. അത്തരം പരാതികളില്‍ കേസെടുക്കുന്നതിന് നിയമ തടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ജില്ലാ ഗവ. പ്ലീഡര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്ന് ഗവ. പ്ലീഡര്‍ വ്യക്തമാക്കി.

Also Read:

Kerala
നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

അതേസമയം രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണെന്ന് പൊലീസ് നേരത്തെ വാദമുന്നയിച്ചിരുന്നു. കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തതക്കുറവുള്ളതിനാല്‍ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം നടന്നത്. കേസെടുക്കാമെന്ന നിയമോപദേശത്തില്‍ വ്യക്തത കുറവുള്ളതിനാലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നു.

Also Read:

Kerala
എല്ലാവരും പരമാവധി ആഘോഷിച്ചതല്ലേ?; ജയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പി ആര്‍ അരവിന്ദാക്ഷന്‍

വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാല്‍ പൊലീസ് നിയമോപദേശം തേടുകയായിരുന്നു.

Content Highlight: Cannot file case against K Gopalakrishnan in mallu hindu whatsapp group says Narcotic cell report

To advertise here,contact us