'പാലക്കാട് തിരിച്ചടി കിട്ടി എന്നത് വസ്തുത'; പരിശോധിക്കുമെന്ന് എം ടി രമേശ് റിപ്പോര്‍ട്ടറിനോട്

എട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയിലും വോട്ട് ചോര്‍ന്നു. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് പരിശോധിച്ച് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും എം ടി രമേശ്

തിരുവനന്തപുരം: പാലക്കാട് ബിജെപിക്ക് ജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമായിരുന്നിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ കാരണം പരിശോധിക്കുമെന്ന് എം ടി രമേശ് റിപ്പോര്‍ട്ടറിനോട്. അമിതമായ ആത്മവിശ്വാസം തോല്‍വിയെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. എട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയിലും വോട്ട് ചോര്‍ന്നു. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് പരിശോധിച്ച് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും എം ടി രമേശ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പാലക്കാട് ബിജെപിക്ക് ജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു. അതിനാവശ്യമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ട്. തിരിച്ചടി കിട്ടി എന്നത് വസ്തുതയാണ്. കാരണങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് മുന്നോട്ട് പോകും. സന്ദീപിന്റെ മാറ്റം തോല്‍വിക്ക് കാരണമായിട്ടില്ലെന്നും എം ടി രമേശ് പറഞ്ഞു.

സന്ദീപിന് വ്യക്തിപരമായി സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥലമല്ല പാലക്കാട്. ബിജെപിക്ക് മേല്‍ മുന്‍കൈ നേടാന്‍ യുഡിഎഫ് സന്ദീപ് വാര്യരുടെ വരവിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് വോട്ട് ചോര്‍ച്ചക്ക് കാരണമാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കും.

(എം ടി രമേശ്)

കെ സുരേന്ദ്രന് എതിരായ പാര്‍ട്ടിയിലെ പടയൊരുക്കം സംബന്ധിച്ച് എം ടി രമേശിന്റെ പ്രതികരണം ഇങ്ങനെ, 'വിജയവും തോല്‍വിയും ടീം വര്‍ക്കിന്റെ ഭാഗമാണ്. തോല്‍വി ഉണ്ടാകുമ്പോള്‍ ഒരാളെ പറയുന്നത് ശരിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ടീം വര്‍ക്കിന്റെ വിജയമാണ്. പാലക്കാട് തോറ്റതും അതേ ടീം വര്‍ക്കിന്റെ പരാജയമായി കാണുന്നു.

കൃഷ്ണകുമാര്‍ എന്ന സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് തോല്‍വി ഉണ്ടായെന്ന് കരുതുന്നില്ല. മറ്റൊരാള്‍ സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ ജയിക്കുമോ എന്ന് ചോദിക്കുന്നതിലും യുക്തിയില്ല. അമിതമായ ആത്മവിശ്വാസം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആ ആത്മവിശ്വാസം തോല്‍വിയെ ബാധിച്ചിട്ടുണ്ടോ എന്നും നോക്കണം. ഇതൊക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകും', എം ടി രമേശ് പറഞ്ഞു.

Also Read:

Kerala
'സ്ഥാനാർത്ഥി നിർണയം തെറ്റി'; ചേലക്കരയിൽ രമ്യ വേണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം

Content Highlights: MT Ramesh's Response On BJP's Defeat In Palakkad

To advertise here,contact us