ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ല, നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ: കെ സുധാകരന്‍

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം

കൊച്ചി: ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മണ്ഡലത്തില്‍ നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ തന്നെയാണെന്നും സുധാകരന്‍ പ്രതികരിച്ചു. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അണികള്‍ക്കിടയില്‍ പരാതിയുണ്ടോ എന്ന് തനിക്കറിയില്ല. ഭൂരിപക്ഷം കുറയ്ക്കാനായത് പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണത്തില്‍, തങ്ങള്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ആഹ്ലാദപ്രകടനം അവര്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയുടെ വിജയം കൊണ്ടാകാം. സരിന്‍ ചതിയനാണെന്നും നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും വിമര്‍ശിച്ച കെ സുധാകരന്‍ സരിന്‍ തിരിച്ചുവന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം തെറ്റിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം. രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെയാണ് രംഗത്തെത്തിയത്. രമ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ചേലക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

Also Read:

Kerala
'രമ്യ മോശമായിരുന്നു എന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു, പാർട്ടി പറഞ്ഞതല്ലേ, എന്താ ചെയ്യാ?'; 'അതൃപ്തി' ചോർന്നു

Content Highlights: K Sudhakaran said that there is no failure in the candidature in Chelakkara

To advertise here,contact us