'ഒരു ബൂത്ത് പ്രസിഡന്റ് പോലും വിമർശിച്ചിട്ടില്ല'; രമ്യക്കെതിരായ വാട്‌സ്ആപ്പ് ചര്‍ച്ചകൾ തള്ളി ബ്ലോക്ക് കമ്മിറ്റി

ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്

തൃശൂര്‍: ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണങ്ങള്‍ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരു ബൂത്ത് പ്രസിഡന്റ് പോലും സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും അനീഷ് പറഞ്ഞു.

Also Read:

Kerala
'രമ്യ മോശമായിരുന്നു എന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു, പാർട്ടി പറഞ്ഞതല്ലേ, എന്താ ചെയ്യാ?'; 'അതൃപ്തി' ചോർന്നു

ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുയര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഗ്രൂപ്പില്‍ രമ്യ ഹരിദാസ് മോശം സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതെന്ന രീതിയില്‍ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്ഥാനാര്‍ത്ഥി വളരെ മോശമായിരുന്നുവെന്നും അത് എല്ലാവര്‍ക്കും നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അവതരിപ്പിച്ചത് രമ്യയെ ആയതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നു.

ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ രമ്യ ഹരിദാസിനെ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയ മുന്നണികള്‍ നേട്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാകാതിരുന്നത് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രശ്നമാണെന്നും പരാതിയുണ്ട്. ചേലക്കരയില്‍ 12,201 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിനോട് രമ്യ ഹരിദാസ് പരാജയപ്പെട്ടത്.

Content Highlights- block congress committe reject whats app chats against chelakkara candidate ramya haridas

To advertise here,contact us