'മെട്രോ മാന്‍ മത്സരിച്ചപ്പോഴുള്ള കടുത്ത മത്സരമില്ല'; പാലക്കാട് ഉറപ്പിച്ച് ഷാഫി പറമ്പില്‍

അന്തിമവിജയം തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു

പാലക്കാട്: പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് വടകര എംപി ഷാഫി പറമ്പില്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം കുറച്ച് കഴിഞ്ഞാല്‍ അറിയാമല്ലോയെന്നും ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാഫി പ്രതികരിച്ചു.

അന്തിമവിജയം തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:

Kerala
എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ, പക്ഷേ അന്തിമ വിജയം മതേതരത്വത്തിന്; ആത്മവിശ്വാസത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

'എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനാണ്. അതുവരെ പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്. ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന കണക്ക് വെച്ച് നഗരസഭയില്‍ ബിജെപിക്ക് വലിയ ആധിപത്യം നേടാന്‍ സാധിക്കില്ല. നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം മതേതര മുന്നണിയുടെ വലിയ മുന്നേറ്റം കാണാന്‍ കഴിയുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തനിക്കാണ് ഏറ്റവും നല്ല ആത്മവിശ്വാസമുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു.

അതേസമയം പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിനും എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാറുമായിരുന്നു രംഗത്തുണ്ടായത്.

ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വരും. ചേലക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി യു ആര്‍ പ്രദീപും യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും എന്‍ഡിഎയ്ക്ക് വേണ്ടി ബാലകൃഷ്ണനുമാണ് മത്സരരംഗത്തുണ്ടായത്. വയനാട്ടില്‍ യുഡിഎഫിന് പ്രിയങ്കാ ഗാന്ധിയും എല്‍ഡിഎഫിന് സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസും ജനവിധി തേടി.

Content Highlights: Shafi Parambil responds on election results

To advertise here,contact us