എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ, പക്ഷേ അന്തിമ വിജയം മതേതരത്വത്തിന്; ആത്മവിശ്വാസത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

പാലക്കാട്: ഫലസൂചനകള്‍ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആത്മവിശ്വാസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം യുഡിഎഫിനായിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനാണ്. അതുവരെ പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്. ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന കണക്ക് വെച്ച് നഗരസഭയില്‍ ബിജെപിക്ക് വലിയ ആധിപത്യം നേടാന്‍ സാധിക്കില്ല. നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം മതേതര മുന്നണിയുടെ വലിയ മുന്നേറ്റം കാണാന്‍ കഴിയുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തനിക്കാണ് ഏറ്റവും നല്ല ആത്മവിശ്വാസമുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു. യുഡിഎഫിന് വലിയ മുന്നേറ്റം നടക്കും. ഈയൊരു ഫലസൂചന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചന കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മതേതര സംവിധാനമാണ് നിലവിലുള്ളതെന്നും അത് നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കുമെന്നും ഭൂരിപക്ഷം 12000 മുതല്‍ 15000 വരെയെത്തിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

Also Read:

Kerala
സസ്പെൻസ് ഡേ! ഇനി ആകാംക്ഷയുടെ മണിക്കൂറുകൾ; മൂന്ന് മണ്ഡലങ്ങളിൽ നിന്ന് ആര് ജയിച്ചുകയറും?

അതേസമയം പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിനും എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാറുമായിരുന്നു രംഗത്തുണ്ടായത്.

ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വരും. ചേലക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി യു ആര്‍ പ്രദീപും യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും എന്‍ഡിഎയ്ക്ക് വേണ്ടി ബാലകൃഷ്ണനുമാണ് മത്സരരംഗത്തുണ്ടായത്. വയനാട്ടില്‍ യുഡിഎഫിന് പ്രിയങ്കാ ഗാന്ധിയും എല്‍ഡിഎഫിന് സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസും ജനവിധി തേടി.

Content Highlights: Palakkad Congress candidate Rahul Mamkoottathil responds

To advertise here,contact us