കിങ് മേക്കർ ഷാഫി; രാഹുലിന്റെ വിജയത്തോടെ കോൺഗ്രസിൽ കൂടുതൽ കരുത്തനായി ഷാഫി പറമ്പിൽ

2024 ലെ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ഭൂരിപക്ഷം പതിനെട്ടായിരം ആക്കുമ്പോൾ ആ വിജയം ഷാഫിയുടേത് കൂടിയാണ്

പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറുന്നതോടെ കോൺഗ്രസിൽ കൂടുതൽ ശക്തനാവുന്നത് ഷാഫി പറമ്പിൽ കൂടിയാണ്. കോൺഗ്രസിന്റെ പുതു തലമുറ നേതാക്കളിൽ ഏറ്റവും കരുത്തനായി പാലക്കാട് വിജയത്തോടെ ഷാഫി മാറി. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിർപ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പിൻഗാമിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിർദ്ദേശം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവായ ഡോക്ടർ സരിൻ കോൺഗ്രസ് വിടുകയും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. മറ്റൊരു കോൺഗ്രസ് നേതാവായ എ കെ ഷാനിബും കോൺഗ്രസ് വിട്ടു. ഡിസിസി സെക്രട്ടറി ഷിഹാബുദ്ധീൻ പരസ്യമായി രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടി നേടിയാണ് രാഹുൽ വിജയിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിതമായിട്ടായിരുന്നു ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Also Read:

Cricket
വിക്കറ്റ് നഷ്ടമില്ലാതെ 172; രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യൻ ബാറ്റർമാർ ഉണർന്നു

മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ജനപ്രീതിയുണ്ടെന്ന് വിവിധ സർവേകൾ കണ്ടെത്തിയ എൽഡിഎഫിലെ കരുത്തയായ കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു മുതിർന്ന നേതാക്കളെ മറികടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്ക് സ്ഥാനാർത്ഥിയായി എത്തിച്ചത്. പാർട്ടിയുടെ വിശ്വാസം കാത്ത ഷാഫി വൻ ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിച്ചുകയറുകയും ചെയ്തു. പാലക്കാട് നിന്ന് വടകരയിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് തന്നെ വടകരയിൽ താൻ സ്ഥാനാർത്ഥിയായി വിജയിച്ചാൽ ഉണ്ടാവുന്ന ഉപതിരഞ്ഞെടുപ്പിൽ താൻ പറയുന്ന ആളെ സ്ഥാനാർത്ഥിയായി പാലക്കാട് നിർത്തണമെന്ന് ഷാഫി കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടുകയും നേതൃത്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഷാഫിയുടെ നിർദ്ദേശത്തോടെ രാഹുൽ സ്ഥാനാർത്ഥിയാവുകയും ചെയ്തു. അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ശക്തമായി പ്രവർത്തിച്ച ഷാഫി പറമ്പിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനും ചുക്കാൻ പിടിച്ചു. അതീവ രഹസ്യമായി പൊളിറ്റിക്കൽ നീക്കം നടത്താൻ ഷാഫിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനും സാധിച്ചു. ഒടുവിൽ പാലക്കാട്ടെ കിങ് മേക്കറായി ഷാഫി മാറുകയാണ്.

Also Read:

Kerala
വഴിവെട്ടി കയറിവന്നു, കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു; പാലക്കാടിന്റെ ഉടയോനായി രാഹുല്‍ മാങ്കൂട്ടത്തില്‍

മാതൃക ഉമ്മൻചാണ്ടി, ഷാഫിയെന്ന ജനപ്രിയൻ

ലോക്‌സഭ സ്ഥാനാർത്ഥിയായി പാലക്കാട് നിന്ന് വണ്ടി കയറുന്ന ഷാഫി പറമ്പിലും വടകരയിൽ വണ്ടിയിറങ്ങുന്ന ഷാഫി പറമ്പിലും....കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കണ്ട കാഴ്ചകളായിരുന്നു ഇത്. പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫിയെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന ആളുകളെയായിരുന്നു ജനം കണ്ടത്. പാർട്ടി പ്രവർത്തകർക്കൊപ്പം സാധാരണക്കാരായവരും ഷാഫിക്ക് അരികിൽ എത്തുന്നതും കണ്ണീരോടെ ഷാഫിയെ യാത്രയാക്കുന്നതും കണ്ടു. അവിടെ നിന്ന് വടകരയിലേക്ക് ഷാഫി എത്തിയപ്പോൾ ജനസാഗരമായിരുന്നു ഷാഫിയെ സ്വീകരിക്കാനായി എത്തിയത്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഷാഫി പറമ്പിലിനെ കാണുന്നതിനായി വയസായ അമ്മമാർ പോലും കാത്തുനിന്ന കാഴ്ചകൾ പുറം ലോകത്ത് എത്തി. സിപിഐഎമ്മിലെ ഏറ്റവും ജനകീയയായ സ്ഥാനാർത്ഥിയായ കെ കെ ശൈലജയെ 114506 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കുകയും ചെയ്തു. 2019 ൽ കെ മുരളീധരൻ നേടിയ ഭൂരിപക്ഷത്തിനേക്കാൾ കൂടുതലായിരുന്നു ഇത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പിൽ കോൺഗ്രസിലേക്ക് എത്തുന്നത്. 2005 ൽ കെഎസ്‌യു പാലക്കാട് ജില്ലാ സെക്രട്ടറിയായ ഷാഫി ജില്ലാ പ്രസിഡന്റായും പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി. 2011 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എംഎൽഎ ആയിരിക്കെ തന്നെ 2020 ൽ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ കാലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാൾ പാർട്ടിയിൽ ശക്തനാവാൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. കോൺഗ്രസിന്റെ സൈബർ മുഖമായി മാറി അണികൾ ആഘോഷമാക്കിയിരുന്ന വിടി ബൽറാമിന് തൃത്താല തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ പാർട്ടിയിലുണ്ടെങ്കിലും ഷാഫിയെ പോലെ ക്രൗഡ് പുള്ളറാവാൻ കഴിഞ്ഞിട്ടില്ല.

Also Read:

Kerala
ഒരു താക്കീത് കൂടി തന്നതാണ് ചേലക്കരയില്‍; സന്ദീപ് വാര്യര്‍ ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചുവെന്നും മുരളീധരന്‍

ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് പറഞ്ഞ ഷാഫി എംഎൽഎ ആയിരുന്നപ്പോൾ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ പോലെ ശക്തനായ സ്ഥാനാർത്ഥി ഉയർത്തിയ വെല്ലുവിളി നേരിട്ട് നേരിയ ഭൂരിപക്ഷത്തിൽ ആയിരുന്നു ഷാഫി പാലക്കാട് നിന്ന് വിജയിച്ചത്. എന്നാൽ 2021 ൽ നിന്ന് 2024 ലെ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ഭൂരിപക്ഷം പതിനെട്ടായിരം ആക്കുമ്പോൾ ആ വിജയം ഷാഫിയുടേത് കൂടിയാണ്.

Content Highlights: Palakkad by election 2024 Shafi Parambil became stronger in Congress Crowd Puller is now the kingmaker

To advertise here,contact us