ഭാര്‍ഗവീനിലയമായി ടൗണ്‍ ഹാള്‍; വെളിച്ചവും വെള്ളവുമില്ലാതെ എ ആർ മേനോൻ പാര്‍ക്ക്, റിപ്പോർട്ടർ അന്വേഷണം

വികസനമെത്താതെ പാലക്കാടിന്റെ നഗരഹൃദയം

പാലക്കാട്: പാലക്കാടിന്റെ സാംസ്‌കാരിക സായാഹ്നങ്ങളെ സുന്ദരമാക്കിയിരുന്ന ടൗണ്‍ ഹാള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. കുറഞ്ഞ ചിലവില്‍ സാധാരണക്കാരുടെ കല്യാണമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന ടൗണ്‍ ഹാളാണ് കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നത്. പാലക്കാട് നഗരസഭയുടെ കീഴിലാണ് ടൗണ്‍ ഹാള്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് വികസന പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോർട്ടർ നടത്തുന്ന യാത്രയിലാണ് കണ്ടെത്തല്‍.

എട്ട് വര്‍ഷമായി ബിജെപിയാണ് നഗരസഭ ഭരിക്കുന്നത്. 30 വര്‍ഷത്തോളം കോണ്‍ഗ്രസ് ഭരിച്ചിരുന്നു. ഇരു മുന്നണികളും പരസ്പരം പഴിചാരുന്നല്ലാതെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായിട്ടില്ല. 1973ലാണ് ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം നടക്കുന്നത്. അന്നത്തെ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1970ല്‍ ശിലാസ്ഥാപനം സ്ഥാപിച്ച ടൗണ്‍ ഹാള്‍ മൂന്ന് വര്‍ഷം കൊണ്ടാണ് നിർമാണം പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് പാര്‍ലമെന്റിന്റെ മാതൃകയില്‍ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഷാഫി പറമ്പില്‍ മൂന്ന് കോടി രൂപയോളം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫണ്ട് കിട്ടിയില്ലെന്ന് നഗരസഭ ആരോപിച്ചു. നവീകരണത്തിന് നഗരസഭ താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. രൂപമാതൃകയും ഫണ്ടും സംബന്ധിച്ച് ഇപ്പോഴും നഗരസഭയും ഷാഫി പറമ്പിലും തമ്മിൽ തർക്കം നടക്കുകയാണ്.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് നിലവില്‍ ടൗണ്‍ ഹാള്‍. റിപ്പോര്‍ട്ടര്‍ സംഘമെത്തിയ സമയത്ത് ഹാളിനുള്ളില്‍ കല്ല് കൊണ്ട് അടുപ്പുകൂട്ടിയതായും ചിലര്‍ ഉറങ്ങുന്നതായും കണ്ടെത്തിയിരുന്നു. ടൗൺ ഹാളിനോട് ചേർന്ന് നിർമിച്ച മിനി ടൗണ്‍ ഹാളും തകര്‍ന്ന നിലയിലാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് യുഡിഎഫ് എംഎല്‍എയാണ് പാലക്കാടുള്ളത്. ഇതില്‍ നഗരസഭ ഭരണം ബിജെപിയുടെ കൈവശമാണ്. എന്നിട്ടും ടൗണ്‍ ഹാളിന്റെ നവീകരണത്തിനായി ഒരു മുന്നണിയും മുന്നോട്ടുവന്നിട്ടില്ല എന്നാണ് നാട്ടുകാരുടെ വിമര്‍ശനം. ഹാബിറ്റാറ്റിന് നവീകരണം സംബന്ധിച്ച് കരാര്‍ നല്‍കിയിരുന്നു. അവര്‍ സഹകരാര്‍ നല്‍കുകയും ചെയ്തു. ആദ്യ ഘഡു നല്‍കിയെങ്കിലും കരാറുകാരന്റെ അനാസ്ഥയാണ് ടൗണ്‍ ഹാളിന്റെ ഇന്നത്തെ സാഹചര്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

പ്രവർത്തനം നിലച്ച നിലയില്‍ എ ആര്‍ മേനോന്‍ പാര്‍ക്ക്

കൊറോണയ്ക്ക് ശേഷം പൂര്‍ണമായും പ്രവർത്തനം നിലച്ച നിലയിലാണ് എ ആര്‍ മേനോന്‍ പാര്‍ക്ക്. സൗന്ദര്യവത്ക്കരണത്തിനായാണ് പാര്‍ക്ക് അടച്ചിട്ടിരിക്കുന്നത് എന്നാണ് വാദം. ടിക്കറ്റ് എടുത്ത് പ്രവേശിക്കേണ്ട ഭാഗങ്ങളില്‍ കൃത്യമായി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും നാട്ടുകാർ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വെള്ളവും വെളിച്ചവുമില്ലാതെയാണ് പാര്‍ക്കിന്റെ നിലവിലെ അവസ്ഥ. ഇരിപ്പിടങ്ങളും തകര്‍ന്ന നിലയിലാണ്

Content Highlight:

To advertise here,contact us