കുഞ്ഞിന്റെ ആവശ്യത്തിന് മെഡിക്കല്‍ ലീവെടുത്തു; ആക്ഷേപിച്ച് ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ്; പരാതിയുമായി ഉദ്യോഗസ്ഥ

ആരോപണം ഉദ്യോഗസ്ഥയെ മാനസികമായി തളര്‍ത്തുകയും അവര്‍ മുറിയില്‍വെച്ച് പൊട്ടിക്കരയുകയും ചെയ്തു

icon
dot image

തിരുവനന്തപുരം: കുഞ്ഞിന്റെ ആവശ്യത്തിന് മെഡിക്കല്‍ ലീവെടുത്തതിന് ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് ആക്ഷേപിച്ചെന്ന പരാതിയുമായി വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥ. നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന്‍ ഹുസൈനെതിരെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥ അഞ്ജലിയുടെ പരാതിമൊയ്തീന്‍ ഹുസൈനില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് കാണിച്ച് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ജിതേഷ് നിയമസഭ സെക്രട്ടറിക്കും സ്പീക്കറുടെ പി എസിനും പരാതി നല്‍കി.

എട്ട് ദിവസത്തെ മെഡിക്കല്‍ ലീവിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥ ജോലിക്കെത്തിയത്. ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന്‍ ഹുസൈനെ കണ്ട ശേഷം ജോലിക്ക് പ്രവേശിച്ചാല്‍ മതിയെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊയ്തീന്‍ ഹുസൈനെ കാണാന്‍ ഉദ്യോഗസ്ഥ മുറിയില്‍ എത്തി. ഈ സമയം ഇത്രയും ദിവസം എവിടെയായിരുന്നു എന്നായിരുന്നു മൊയ്തീന്‍ ഹുസൈന്‍ ചോദിച്ചത്. കുഞ്ഞിന് മുണ്ടിനീരായിരുന്നുവെന്നും അതിന്റെ ആവശ്യത്തിന് മെഡിക്കല്‍ ലീവ് എടുത്തു എന്നുമായിരുന്നു ഉദ്യോഗസ്ഥ മറുപടി പറഞ്ഞത്. എന്നാല്‍ മൊയ്തീന്‍ ഹുസൈന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. വ്യക്തിപരമായ ആവശ്യത്തിന് ലീവെടുത്ത ശേഷം കുഞ്ഞിന്റെ പേരില്‍ ഉദ്യോഗസ്ഥ നുണപറയുകയാണെന്ന് മൊയ്തീന്‍ ഹുസൈന്‍ പറഞ്ഞു. ഇത് ഉദ്യോഗസ്ഥയെ മാനസികമായി തളര്‍ത്തുകയും അവര്‍ മുറിയില്‍വെച്ച് പൊട്ടിക്കരയുകയും ചെയ്തു.

Also Read:

Kerala
'പച്ചക്കൊടി കണ്ട് പ്രസംഗിക്കാതെ പോയ പ്രിയങ്കഗാന്ധിയുടെ പാർട്ടിക്ക് സന്ദീപ് വാര്യർ അസറ്റായിരിക്കും';എംബി രാജേഷ്

ഇത് കണ്ട മൊയ്തീന്‍ ഹുസൈന്‍ ഉദ്യോഗസ്ഥയോട് അവിടെ നിന്ന് കരയരുതെന്നും കരയണമെങ്കില്‍ ഏതെങ്കിലും മുറിയില്‍ പോയി കരയണമെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥ മുറിയില്‍ പോയി. പിന്നീട് സഹപ്രവര്‍ത്തകര്‍ നോക്കുമ്പോള്‍ ഉദ്യോഗസ്ഥ മുറിയില്‍ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നിയമസഭയിലെ വാഹനത്തില്‍ ഉദ്യോഗസ്ഥയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിന് ശേഷം യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. അഞ്ജലിക്ക് ചെറുപ്പം മുതല്‍ അപസ്മാരബാധയുണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. തെറ്റായ ആരോപണം മൊയ്തീന്‍ ഹുസൈന്‍ ഉന്നയിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു. ഛര്‍ദിച്ചശേഷം മുറിയില്‍ ബോധരഹിതയായി വീഴുകയായിരുന്നു. കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടിയാണ് ലീവെടുത്തത് എന്നതിന്റെ എല്ലാ തെളിവുകളും കൈവശമുണ്ട്. ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെതിരെ നടപടി വേണമെന്നും ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് പറഞ്ഞു.

Content Highlights- legislative assembly watch and ward officer complaint against chief marshal in charge

To advertise here,contact us
To advertise here,contact us
To advertise here,contact us