ഇപി നിഷ്‌കളങ്കന്‍, ഡിസി പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യതയില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'എല്ലാ കാലത്തും സിപിഐഎമ്മിന് അകത്തെ കാര്യങ്ങള്‍ ഒതുക്കി വെക്കാന്‍ കഴിയില്ല'

തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണ്. ഇപി എഴുതിയ പുസ്തകം ശരി അല്ല എന്ന് പറയാന്‍ ആളല്ല. ഡിസി ബുക്‌സ് പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസി ബുക്‌സ് പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ് ഇപി ജയരാജന്‍ ഇതൊക്കെ ഇപ്പോള്‍ നിഷേധിക്കുന്നത്. പുസ്തകം ഇറങ്ങാതിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് തടഞ്ഞു വെക്കാന്‍ കഴിയുമായിരിക്കും. എല്ലാ കാലത്തും സിപിഐഎമ്മിന് അകത്തെ കാര്യങ്ങള്‍ ഒതുക്കി വെക്കാന്‍ കഴിയില്ല. ഇപിക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ വിവാദത്തോടെ ഇപിയുടെ റേറ്റിംഗ് കൂടി. കമ്പോളത്തില്‍ മാര്‍ക്കറ്റ് കൂടി. ഇപിക്ക് ഇനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Also Read:

Kerala
ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദൻ; 'എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന' എന്നും വിമർശനം

ഇപി കൂടി ചേര്‍ന്നാലേ സിപിഐഎം സിപിഐഎം ആകുവെന്നും അവിടെ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ആളാണ് ഇപിയെന്നും അദ്ദേഹം പറഞ്ഞു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. സംഭവത്തെ പൂര്‍ണമായും നിഷേധിച്ച് ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

Also Read:

National
പ്രതിയെ തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല; അനധികൃത നിര്‍മിതിയെങ്കില്‍ നോട്ടീസ് നല്‍കണം; സുപ്രീം കോടതി

തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപിയുടെ ആത്മകഥയായ കട്ടന്‍ ചായയും പരിപ്പുവടയും പ്രസിദ്ധീകരണത്തിന് എന്നായിരുന്നു ഡിസി ബുക്ക്‌സിന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി ഡി ബുക്ക്‌സ് അറിയിച്ചു.

Content Highlight: Thiruvanchoor radhakrishnan says DC won't be adding details that EP hasn't mentioned

To advertise here,contact us