കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം ടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം ടി പത്മ.
1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.1987-ലും 1991-ലും കൊയിലാണ്ടിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. നിയമത്തിൽ ബിരുദവും ആർട്സിൽ ബിരുദാനാന്തര ബിരുദവും നേടിയ പത്മ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകൾ വഹിച്ചു.
1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013-ൽ കോൺഗ്രസ് ടിക്കറ്റിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പത്മ കോർപ്പറേഷൻ പ്രതിപക്ഷ നേതാവുമായിരുന്നു.
Content Highlights: congress leader mt padma passed away