മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ല; വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് പുലര്‍ത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു

കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളില്‍ മാധ്യമങ്ങള്‍ തീര്‍പ്പ് കല്‍പ്പിച്ചാല്‍ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്ര്യത്തിന് നല്‍കുന്ന പരിരക്ഷ ലഭിക്കില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് പുലര്‍ത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമ ഇടപെടലില്‍ സത്‌പേര് കളങ്കപ്പെടുമെന്ന് തോന്നിയാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Content Highlights: Kerala High Court says journalism cant control

To advertise here,contact us